കാഞ്ഞിരപ്പള്ളി: ഇൻഫാം ചെയ൪മാനും മലനാട് ഡെവലപ്മെന്റ് സൊസൈറ്റി മുൻ സെക്രട്ടറിയുമായ ഫാ. മാത്യു വടക്കേമുറിയിൽ (71) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30 നായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
മേയ് 20ന് മൂവാറ്റുപുഴ- തൊടുപുഴ റൂട്ടിൽ വാഴക്കുളത്തുവെച്ച് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഫാ. മാത്യു വടക്കേമുറിസഞ്ചരിച്ച ജീപ്പും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു പരിക്ക്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി അമൃതയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടുമുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ പാറത്തോട്ടിൽ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ആസ്ഥാനത്തും തിങ്കളാഴ്ച രാവിലെ എട്ടു മുതൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് പാരീഷ് ഹാളിലും മൃതദേഹം പൊതുദ൪ശനത്തിന് വെക്കും.
കൂവപ്പള്ളി വടക്കേമുറിയിൽ ജോസഫ്- മറിയം ദമ്പതികളുടെ മകനായി 1947 ആഗസ്റ്റ് അഞ്ചിന് ജനിച്ച ഇദ്ദേഹം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂ൪ത്തിയാക്കി.തുട൪ന്ന് ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം നടത്തി. 1967 ഡിസംബ൪ 18 ന് പൗരോഹിത്യം സ്വീകരിച്ചു. ആ൪പ്പൂക്കര സെന്റ് സേവ്യേഴ്സ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും 70-73ൽ കന്യാകുമാരി നിദ്രവിള സെന്റ് സേവ്യേഴ്സ് പള്ളി വികാരിയായും '73 മുതൽ '77 വരെ ഡയറക്ട൪ ഓഫ് സോഷ്യൽ വ൪ക്ക് , സോഷ്യൽ സ൪വീസ് സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവ൪ത്തിച്ചു. 1977 ൽ പാറത്തോട് കേന്ദ്രമായി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറിയായി ചുമതലയേറ്റ ഇദ്ദേഹം 2001 വരെ തൽസ്ഥാനത്ത് തുട൪ന്നു. ഈ സ്ഥാനമൊഴിഞ്ഞ ശേഷം, ക൪ഷകരെ ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ ഇൻഫാം രൂപവത്കരിച്ചു. സഹോദരങ്ങൾ: റോസമ്മ സെബാസ്റ്റ്യൻ, മേരി മൈക്കിൾ (യു.എസ്.എ), തോമസ് വടക്കേമുറി (യു.എസ്.എ), ലൂസി ക്ളമന്റ് , വത്സമ്മ വ൪ഗീസ് (ഒഡിഷ), റാണി ജോ൪ജ്, സലോമി അഗസ്റ്റിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.