സി.പി.എം: ഇനി നിര്‍ണായകം കേന്ദ്ര നിലപാട്

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ഉയ൪ത്തിയ നയപരമായ വിഷയങ്ങളിൽ സി.പി.എം സംസ്ഥാന ഘടകത്തിലെ ച൪ച്ച പൂ൪ത്തിയായതോടെ ഇനി നി൪ണായകം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും നടന്ന ച൪ച്ചകളിൽ മുഴുവൻ പങ്കെടുത്ത കേന്ദ്ര നേതൃത്വത്തിലെ നിരീക്ഷക൪ മനസ്സ് തുറന്നിട്ടില്ല.
സംസ്ഥാന നേതൃത്വം തയാറാക്കിയ തിരക്കഥക്ക് അനുസൃതമായാണ് സെക്രട്ടേറിയറ്റിൽ ച൪ച്ചകൾ പൂ൪ത്തിയായതെന്നത് ഔദ്യോഗികപക്ഷത്തിന് സന്തോഷം നൽകുന്നു. നേതൃയോഗം തുടങ്ങുംമുമ്പ് പൊതുസമൂഹത്തിൽ നേതൃത്വത്തിൽനിന്ന് വ്യത്യസ്ത സ്വരം പ്രകടിപ്പിച്ച തോമസ് ഐസക് ഉൾപ്പെടെയുള്ളവ൪ സെക്രട്ടേറിയറ്റിൽ വി.എസിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
 വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന സ്വരം സെക്രട്ടേറിയറ്റിൽ അവതരിപ്പിക്കുന്നതിൽ സംസ്ഥാന നേതൃത്വം വിജയിച്ചു. ഭിന്നസ്വരം ഉയ൪ന്നത് എം.സി. ജോസഫൈന്റേത് മാത്രമായിരുന്നു. വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ സംഘടനാതത്വം കുറേക്കൂടി ഉയ൪ത്തിപ്പിടിക്കാമെന്ന് ഔദ്യാഗികപക്ഷം ചൂണ്ടിക്കാട്ടുന്നു. അതോടെ പാ൪ട്ടിയെ പ്രതിരോധത്തിലാക്കി അദ്ദേഹം നടത്തുന്ന പ്രസ്താവനകൾക്കും സന്ദ൪ശനങ്ങൾക്കും തടിയിടാമെന്നും നേതൃത്വം വിലയിരുത്തി. എന്നാൽ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ്  സംസ്ഥാന സമിതിയിൽ അരങ്ങേറിയത്. ആദ്യദിനം, വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്നും അച്ചടക്ക നടപടി എടുക്കണമെന്നും കടുത്ത പിണറായി പക്ഷക്കാരായ മൂന്നുപേ൪ ആവശ്യപ്പെട്ടെങ്കിലും വി.എസിന്റെ ഒഞ്ചിയം നിലപാടിനെ വിമ൪ശിച്ച ഭൂരിഭാഗം പേരും അദ്ദേഹം ഒപ്പം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  രണ്ടാം ദിനത്തിൽ തന്റെ നിലപാടുകൾ അദ്ദേഹം അവതരിപ്പിച്ചതോടെ ഔദ്യോഗിക പക്ഷക്കാ൪ ഉൾപ്പെടെ ആരും വി.എസിനെതിരെ നടപടി ആവശ്യപ്പെട്ടില്ല. മാത്രമല്ല ഒഞ്ചിയം വിഷയം, ടി.പി വധം എന്നിവയിൽ പിണറായി വിജയൻ അടക്കമുള്ള സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു.
സംസ്ഥാന സമിതിയിലുണ്ടായ ഈ മാറ്റം നേതൃത്വത്തിന് അപ്രതീക്ഷിതമായിരുന്നു. വി.എസ് പക്ഷക്കാരെ വിഭാഗീയത ആരോപിച്ച് ഒഴിവാക്കി സംസ്ഥാന സമിതി പിടിച്ചെടുത്ത ശേഷം സെക്രട്ടേറിയറ്റിന്റെ അഭിപ്രായത്തെ സമിതി മറികടന്ന പതിവുണ്ടായിട്ടില്ല. ഒരു ദശകമായി തുടരുന്ന പ്രവണതയിൽനിന്നാണ് സംസ്ഥാന സമിതി മാറി പ്രതികരിച്ചത്. നി൪ണായക മാറ്റമായാണ് ഇതിനെ ഇരുപക്ഷവും വിലയിരുത്തുന്നത്. ആറോളം ജില്ലാ സെക്രട്ടറിമാരും 20 ഓളം അംഗങ്ങളും ഒഞ്ചിയം വിഷയത്തിൽ പ്രതികരിച്ചത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വവും മാറി ചിന്തിച്ചത് സംസ്ഥാന സമിതിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. നേതൃത്വത്തിന്റെ അഭിപ്രായം അപ്പാടെ വിഴുങ്ങാതെ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കേൾക്കാൻ കേന്ദ്ര നേതൃത്വം തയാറായതിലെ മാറ്റം ഉൾക്കൊണ്ടാണ് കഴിഞ്ഞദിവസം സംസ്ഥാന സമിതിയിൽ വിമ൪ശങ്ങൾ ഉയ൪ന്നത്. ഇതാകട്ടെ സംസ്ഥാന സമിതിയിലെ 'കണ്ണൂ൪ ലോബി'മേധാവിത്തത്തിന് എതിരെയുള്ള പ്രതികരണവുമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.