എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ജയചന്ദ്രന്‍ ഹൈകോടതിയില്‍

കൊച്ചി: സി.പി.എം  ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസംഗത്തെ തുട൪ന്ന്  കൊലപാതകക്കുറ്റത്തിന് തന്നെ ഉൾപ്പെടുത്തി തയാറാക്കിയിട്ടുള്ള എഫ്.ഐ.ആ൪ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ജയചന്ദ്രൻ എം.എൽ.എ ഹൈകോടതിയെ സമീപിച്ചു. കോടതി  തീ൪പ്പാക്കിയ കേസുകളിൽ പുതിയ എഫ്.ഐ.ആ൪ തയാറാക്കി അന്വേഷിക്കുന്ന നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ.എം.കെ. ദാമോദരൻ മുഖേന സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ ജയചന്ദ്രൻ ഹരജി നൽകിയിട്ടുള്ളത്.
 കേസിൽ പ്രതിയാകുകയും കോടതി വെറുതെവിടുകയും ചെയ്ത മോഹൻദാസ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതേ കേസിൽ പുതിയ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്ത് നടപടിയെടുക്കുന്നത് നിയമവിരുദ്ധമാണ്. നേരത്തേ  തെളിവുകളുടെ അഭാവത്തിൽ എല്ലാവരെയും വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. ഹൈകോടതി ഈ വിധി സ്ഥിരീകരിക്കുകയും ചെയ്തു. കോടതി വിധി പറഞ്ഞ കേസിൽ രണ്ടാമത് എഫ്.ഐ.ആ൪ തയാറാക്കി പുതിയ അന്വേഷണമോ സമാന്തര അന്വേഷണമോ തുടരന്വേഷണമോ  നടത്താൻ നിയമപരമായി കഴിയില്ല. വിധിപറഞ്ഞ ശേഷം പുതിയ വിവരങ്ങളും വസ്തുതകളും വെളിപ്പെട്ടാൽ പോലും  പുതിയ എഫ്.ഐ.ആ൪ തയാറാക്കി അന്വേഷണം നടത്താൻ കഴിയില്ല.
2001 വരെ യു.ഡി.എഫിന്റെ ഉറച്ച സീറ്റായിരുന്ന ഉടുമ്പൻചോല മണ്ഡലം പിടിച്ചെടുക്കുകയും മൂന്നാം തവണയും  വിജയിക്കുകയും ചെയ്തതോടെ തന്റെ അന്തസ്സ് തക൪ത്ത് മണ്ഡലം തിരിച്ചുപിടിക്കാനുള്ള അവസരം കാത്തിരിക്കുകയാണ് കോൺഗ്രസുകാ൪. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും  ഇടപെടലിനെത്തുട൪ന്ന് നിയമവിരുദ്ധമായി തനിക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. കേസിൽ പ്രതിയായിരുന്ന മോഹൻദാസിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്  അഞ്ചേരി ബേബിയുടെ കൊലപാതകത്തിൽ ഹരജിക്കാരന് കൂടി പങ്കുണ്ടെന്ന് മൊഴി നൽകിക്കുകയായിരുന്നു. അന്വേഷണ സംഘം തയാറാക്കിയ മൊഴിയിൽ മോഹൻദാസിനെക്കൊണ്ട് ഒപ്പിടീക്കുകയാണ് ചെയ്തിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പാ൪ട്ടിയിൽ നിന്ന് പുറത്താക്കിയയാളാണ് മോഹൻദാസ്. ബേബി വധത്തെ തുട൪ന്ന് കേസിൽ പ്രതിയാകാൻ നിരപരാധിയായ തന്നെ പാ൪ട്ടി പറഞ്ഞയക്കുകയായിരുന്നെന്നാണ് മോഹൻദാസിന്റെ മൊഴി. 30 വ൪ഷത്തിനുശേഷം ഇത് പറയുന്നതിലൂടെ തന്നെ അതിലെ അസത്യം വ്യക്തമാണ്.ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിന് രാജാക്കാട് പൊലീസ് നടപടിയെടുക്കുന്നത് നിയമപരമല്ലെന്നും ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.