പ്രണബിനെതിരെ അണ്ണാ സംഘം: ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രണബ്

 ന്യൂദൽഹി: യു.പി.എ പ്രസിഡന്റ് സ്ഥാനാ൪ഥി പ്രണബ് മുഖ൪ജിക്കെതിരെ തങ്ങളുന്നയിച്ച ആരോപണങ്ങളിൽ ഉടൻ അന്വേഷണം വേണമെന്ന് അണ്ണാ സംഘം. അതേസമയം, അണ്ണാ സംഘത്തിന്റെ ആരോപണം നിഷേധിച്ച പ്രണബ് മുഖ൪ജി അവരുടെ  വാദം കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കി. രാഷ്ട്രപതിയാകുന്നയാൾ എല്ലാ സംശയങ്ങൾക്കും അതീതനായിരിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അതിനാൽ, പ്രണബിനെതിരെ  ഉന്നയിച്ച പരാതികളിൽ അന്വേഷണം പ്രഖ്യാപിക്കാൻ സ൪ക്കാ൪ തയാറാകണം. നേവി വാ൪ റൂം ലീക്ക് കേസ്, അരി കുംഭകോണം, സ്കോ൪പീൻ മുങ്ങിക്കപ്പൽ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് മുഖ൪ജിക്കെതിരെ ലഭ്യമായ തെളിവുകൾ  പുറത്തുവിട്ടതാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അണ്ണാസംഘത്തിന്റെ ആരോപണത്തിന് മറുപടി നേരത്തേ നൽകിയതാണെന്ന് ധനമന്ത്രിയുടെ  ഓഫിസ൪ ഓൺ സ്പെഷൽ പ്രദീപ് ഗുപ്ത പത്രക്കുറിപ്പിൽ പറഞ്ഞു. അണ്ണാസംഘം നേരത്തേ, കോടതിയിൽ ഉന്നയിച്ച ആരോപണങ്ങളാണ്  ആവ൪ത്തിച്ചിരിക്കുന്നത്. ഇതിനുള്ള മറുപടി ധനമന്ത്രാലയം കോടതിയിൽ നൽകിയിട്ടുള്ളതാണെന്നും ഗുപ്ത വ്യക്തമാക്കി. അണ്ണാസംഘത്തിന്റെ പുതിയ ആവശ്യത്തോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.  അതിനിടെ, അണ്ണാസംഘത്തിന്റെ പുതിയ ആവശ്യത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. മത്സരിക്കുന്നതിനുമുമ്പ് നേതാക്കൾ അണ്ണാസംഘത്തിന്റെ എൻ.ഒ.സി വാങ്ങണമെന്നുപറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി വക്താവ് മുക്താ൪ അബ്ബാസ് നഖ്വി  ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.