തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ വീട്ടിൽനിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത ആനക്കൊമ്പിനെ കുറിച്ചുള്ള പൊലീസ് അന്വേഷണം അട്ടിമറിക്കാൻ വനംവകുപ്പ് നീക്കം. ആനക്കൊമ്പ് സുഹൃത്തിന്റേതാണെന്ന് റിപ്പോ൪ട്ട് ഉണ്ടാക്കി ലാലിനെ രക്ഷിക്കാനാണ് ശ്രമം. ജൂൺ 12ന് ഇതുസംബന്ധിച്ച് റിപ്പോ൪ട്ട് തയാറാക്കി പെരുമ്പാവൂ൪ മജിസ്ട്രേറ്റ് കോടതിയിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റ൪ ചെയ്തിരുന്നു.
വിദേശത്തുപോയ തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറിന്റെ ആനക്കൊമ്പ് ലാലിന് കൈവശംവെക്കാൻ നൽകിയതാണെന്നാണ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ൪ ബി.എൻ. നാഗരാജ് നൽകിയ റിപ്പോ൪ട്ടിൽ പറയുന്നത്. ഉടമ തിരിച്ചുവരുമ്പോൾ ആനക്കൊമ്പ് തിരിച്ചേൽപിക്കുമെന്നാണ് മോഹൻലാൽ വനം വകുപ്പ് അധികൃതരെ അറിയിച്ചിരിക്കുന്നതെന്നും റിപ്പോ൪ട്ടിൽ പറയുന്നു. ആനകളുടെ ഉടമസ്ഥാവകാശമുള്ളവ൪ക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ അവകാശമുണ്ടെന്നും നിരവധി പേ൪ ഇത്തരത്തിൽ വെക്കുന്നുണ്ടെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
വനം വകുപ്പ് ഇത്തരത്തിലൊരു റിപ്പോ൪ട്ട് നൽകിയതോടെ ആനക്കൊമ്പ് കേസിലുള്ള പൊലീസ് അന്വേഷണം അവസാനിപ്പിക്കേണ്ടിവരും. മോഹൻലാലിനെതിരായ കേസിൽനിന്ന് പൊലീസ് എഫ്.ഐ.ആറും ഡി.ജി.പി നി൪ദേശവും എല്ലാം ഒഴിവാക്കി കേസ് ദു൪ബലപ്പെടുത്തുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.
കഴിഞ്ഞ ജൂലൈ 22നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥ൪ മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽനിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ച മോഹൻലാലിനെതിരെ വനം വകുപ്പ് നടപടിയെടുക്കാത്ത സാഹചര്യത്തിൽ പൊലീസ് നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവ൪ത്തകൻ മലപ്പുറം അങ്ങാടിപ്പുറം തിരൂ൪ക്കാട് ചെന്ത്രത്തിൽ അനിൽകുമാ൪ ഡിസംബറിൽ നൽകിയ പരാതിയിലാണ് ഡി.ജി.പി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് വനം വകുപ്പ് കേസെടുത്തത്.
ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അനിൽകുമാ൪ നേരത്തെ ഉന്നയിച്ച ചോദ്യത്തിന് ലാലിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. തുട൪ന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും പരാതിക്കാരനിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കോടനാട് റേഞ്ച് ഓഫിസ൪ മോഹൻലാലിനെതിരെ സ്വമേധയാ കേസെടുത്തത്. വനംവകുപ്പ് കേസെടുത്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണത്തിൽനിന്ന് ലാലിനെ രക്ഷപ്പെടുത്താനാണ് നീക്കമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ താൽപര്യമാണ് ഇതിന് പിന്നിലെന്നും അനിൽകുമാ൪ ആരോപിച്ചു. ഹൈകോടതിയെ സമീപിക്കാനാണ് അനിൽകുമാറിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.