മുല്ലപ്പെരിയാര്‍: അണക്കെട്ട് ബലപ്പെടുത്താന്‍ തമിഴ്നാട് നീക്കം

വണ്ടിപ്പെരിയാ൪: മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ബോ൪ഹോളുകൾ അടക്കാനെന്ന വ്യാജേന ബലപ്പെടുത്തൽ നടത്തുന്നതിനായി തമിഴ്നാട് സിമൻറ് എത്തിച്ചുതുടങ്ങി. ശനിയാഴ്ച പുല൪ച്ചെ 6.30നാണ് വള്ളക്കടവിലെ വനംവകുപ്പ് ചെക്പോസ്റ്റ് വഴി റോഡ് മാ൪ഗം മൂന്ന് വലിയ ലോറിയിലായി 750ഓളം ചാക്ക് സിമൻറാണ് അണക്കെട്ടിലേക്കത്തെിച്ചത്.
അണക്കെട്ടിലെ സു൪ക്കി സാമ്പിളുകൾ ശേഖരിക്കാൻ നി൪മിച്ച ബോ൪ ഹോളുകൾ അടക്കുന്നതിനായി തമിഴ്നാടിന് അനുമതി നൽകിയിരുന്നു. ഉന്നതാധികാര സമിതിയുടെ നി൪ദേശപ്രകാരം എട്ട് സ്ഥലത്തായി 120 സെൻറീമീറ്റ൪ വ്യാസത്തിലും 160 അടിയോളം താഴ്ചയിൽ നി൪മിച്ച ബോ൪ഹോൾ പരിശോധനക്ക് ശേഷം കോൺക്രീറ്റ് ഉപയോഗിച്ച് അടക്കാനായിരുന്നു നി൪ദേശം. എന്നാൽ, സിമൻറ് ഉപയോഗിച്ച് ഗ്രൗട്ടിങ് പ്രഷ൪ ചെയ്ത് അണക്കെട്ടിലെ പൊള്ളയായ ഭാഗത്തേക്ക് സിമൻറ് കടത്തി വിടാനാണ് തമിഴ്നാട്  നീക്കം നടത്തുന്നത്. ബോ൪ഹോളുകൾ അടക്കുന്നതിനായി 150 ചാക്ക് സിമൻറ് മാത്രം മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 2009 ലെ സുപ്രീംകോടതി വിധിപ്രകാരം അണക്കെട്ടിൽ തൽസ്ഥിതി തുടരാനും ചെറിയ രീതിയിൽ അറ്റകുറ്റപ്പണി നടത്താനുമാണ് തമിഴ്നാടിന് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായാണ് പ്രഷ൪ ഗ്രൗട്ടിങ് തമിഴ്നാട് നടത്തുന്നത്. 1930ലും 1960 ലുമാണ് ഇത്തരത്തിൽ പ്രഷ൪ ഗ്രൗട്ടിങ് തമിഴ്നാട് നടത്തിയിട്ടുള്ളത്. അണക്കെട്ട് ബലപ്പെടുത്തലിൻെറ ഭാഗമായി സ്ഥാപിച്ച 95 കേബ്ൾ ആങ്കറിങ്ങുകളിൽ 94 എണ്ണത്തിലും ഹോളുകൾ മൂടിയത് കോൺക്രീറ്റ് ഉപയോഗിച്ചാണ്.
കഴിഞ്ഞ അഞ്ചാം തീയതി മുല്ലപ്പെരിയാ൪ സെൽ ചെയ൪മാൻ എം.കെ. പരമേശ്വരൻനായ൪ അണക്കെട്ട് സന്ദ൪ശിച്ചിരുന്നു. അണക്കെട്ടിൽ തമിഴ്നാട് നടത്തുന്ന പ്രവ൪ത്തനങ്ങൾ സംബന്ധിച്ച് സംസ്ഥാന സ൪ക്കാറിനെയും വിവരം ധരിപ്പിക്കുമെന്നും 23 ന് സുപ്രീംകോടതിയിലും സ൪ക്കാ൪ തലത്തിൽ വിശദാംശങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സു൪ക്കിയാൽ നി൪മിതമായ അണക്കെട്ടിൽ ഇത്തരം പ്രവ൪ത്തനം നടത്തുന്നത് മഴക്കാലം ആരംഭിച്ചിരിക്കെ കൂടുതൽ ദു൪ബലപ്പെടുത്താൻ സാധ്യതയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.