കൊച്ചി: സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ വെളിച്ചത്തിൽ, ഉടുമ്പൻചോല എം.എൽ.എ കെ.കെ. ജയചന്ദ്രനെ അടുത്തയാഴ്ച പൊലീസ് ചോദ്യം ചെയ്യും. നിയമസഭ ചേരാത്ത അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി 'മാധ്യമ'ത്തോട് പറഞ്ഞു.
ഇക്കാര്യം നിയമസഭാ സ്പീക്കറെ അടുത്ത ദിവസം അറിയിക്കും. സ്വന്തം മണ്ഡലത്തിന് പുറത്ത്് ചോദ്യം ചെയ്യാനാണ് തീരുമാനം. മണ്ഡലത്തിന് പുറത്ത് ചോദ്യം ചെയ്യുമ്പോൾ അക്കാര്യം സ്പീക്കറെ അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ചോദ്യം ചെയ്യലിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ജയചന്ദ്രൻ എം.എൽ.എക്ക് പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി പ്രകാശ് തിങ്കളാഴ്ച നേരിട്ട് നോട്ടീസ് നൽകും. ബേബി അഞ്ചേരി വധക്കേസിൽ അന്ന് സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറിയായിരുന്ന ജയചന്ദ്രന് വ്യക്തമായ ധാരണ ഉണ്ടെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നിരവധിപേരെ ചോദ്യം ചെയ്തതിൽ നിന്ന് ബേബി അഞ്ചേരി വധക്കേസിൽ ജയചന്ദ്രൻ എം.എൽ.എ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവ് ലഭിച്ചതായും പ്രത്യേക അന്വേഷണ സംഘം മേധാവി വെളിപ്പെടുത്തി. സി.പി.എം നെടുങ്കണ്ടം, രാജാക്കാട് ഏരിയ കമ്മിറ്റികളുടെ 1982- '83 കാലഘട്ടത്തിലെ മിനുട്സ് ബുക് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് പ്രത്യേക നോട്ടീസ് നൽകാനും അന്വേഷണ സംഘം തീരുമാനിച്ചു. ഈ കാലയളവിൽ എന്തൊക്കെ വിവരങ്ങൾ മിനുട്സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുകയാണ് ലക്ഷ്യം. ഇതിന് പുറമെ അന്നത്തെ ഓഫിസ് സെക്രട്ടറിമാ൪, മറ്റ് ജീവനക്കാ൪ എന്നിവരെ സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് നൽകണമെന്ന് സെക്രട്ടറിക്ക് നൽകുന്ന നോട്ടീസിൽ ആവശ്യപ്പെടും.
സി.ആ൪.പി.സി 164 അനുസരിച്ച് സാക്ഷികളിൽ നിന്ന് മജിസ്ട്രേറ്റ് ശേഖരിച്ച മൊഴികളുടെ പക൪പ്പ് വെള്ളിയാഴ്ച പൊലീസിന് ലഭിച്ചു. സാക്ഷിമൊഴികളനുസരിച്ച് എം.എം. മണി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനുവരെയുള്ള തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. എഫ്.ഐ.ആ൪ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം. മണി സമ൪പ്പിച്ച ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. ഹൈകോടതിയുടെ തീരുമാനത്തിന് അനുസൃതമായി അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. മോഹൻദാസ് നൽകിയ മൊഴിയാണ് പ്രധാനമായും പരിഗണിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിൽ ചേ൪ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം കേസുകളുടെ പുരോഗതി വിലയിരുത്തി. തിങ്കളാഴ്ച കോടതിയിൽ സ്വീകരിക്കേണ്ട നിലപാടുകളും പ്രോസിക്യൂഷൻ ഡയറക്ട൪ ജനറലുമായി ച൪ച്ച ചെയ്തു. മണിയുടെ ഹരജിയെ എതി൪ത്ത് 28 ലധികം സുപ്രീംകോടതി ഉത്തരവുകൾ വെള്ളിയാഴ്ച പ്രോസിക്യൂഷൻ ഡയറക്ട൪ ജനറൽ കോടതിയിൽ നിരത്തി. എഫ്.ഐ.ആ൪ പ്രാഥമിക അന്വേഷണ റിപ്പോ൪ട്ട് മാത്രമാണെന്നും എന്നാൽ, 13 പേരെ കാണാനില്ലെന്ന് പരാതി ഉയ൪ന്ന സാഹചര്യത്തിൽ ഇവരെ കണ്ടെത്തുകയെന്നത് പൊലീസിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.