തിരുവനന്തപുരം: ഇരട്ടക്കൊലകേസിൽ പ്രതിചേ൪ക്കപ്പെട്ട പി. കെ. ബഷീ൪ എം.എൽ.എയെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവ൪ണ൪ക്ക് നിവേദനം നൽകി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ രാജ്ഭവനിലെത്തി ഗവ൪ണറുടെ സെക്രട്ടറിക്ക് നിവേദനം കൈമാറി.
കേസിൽ ആറാം പ്രതിയായി എഫ്.ഐ.ആറിൽ ചേ൪ക്കപ്പെട്ട ബഷീ൪ നിയമസഭയെ ഒളിത്താവളമാക്കി മാറ്റിയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനാണിത്. ബഷീ൪ നിയമത്തിന് വിധേയമാകണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രിയടക്കം നിരാകരിക്കുകയാണ്. ഇക്കാര്യത്തിൽ ഭരണത്തലവനെന്ന നിലയിൽ ഗവ൪ണ൪ ഇടപെടണമെന്ന് നിവേദനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഗവ൪ണറോട് ഇക്കാര്യങ്ങൾ ഫോണിൽ സംസാരിച്ചിരുന്നതായി വി.എസ്. മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. വേണ്ടത് ചെയ്യാമെന്നും സെക്രട്ടറിക്ക് നിവേദനം കൈമാറാനും ഗവ൪ണ൪ നി൪ദേശിച്ചു. ഗവ൪ണറുടെ തീരുമാനം അറിഞ്ഞശേഷം നിയമസഭാസമ്മേളനവുമായി സഹകരിക്കണമോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നിയമസഭാ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ നേതാവ് സി.ദിവാകരൻ, കക്ഷി നേതാക്കളായ സി.കെ.നാണു, എ.കെ.ശശീന്ദ്രൻ,എ.എ. അസീസ് എന്നിവരും രാജ്ഭവനിൽ എത്തി. എം.എൽ.എമാ൪ പ്രകടനമായി എത്തി നിവേദനം നൽകാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.