തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിൽ നാലാം ദിവസവും നിയമസഭ ചേരാനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിരുന്നുവെങ്കിൽ വെള്ളിയാഴ്ച ചോദ്യോത്തരവും ഒഴിവാക്കി പത്ത് മിനിറ്റിനകം സഭ പിരിഞ്ഞു. അനൗദ്യോഗിക അംഗങ്ങളുടെ ദിവസമായതിനാൽ സ൪ക്കാ൪ ബിസിനസുകൾ ഉണ്ടായിരുന്നില്ല. ഇരട്ടക്കൊലക്കേസിൽ പ്രതിചേ൪ക്കപ്പെട്ട മുസ്ലിം ലീഗ് അംഗം പി.കെ. ബഷീറിനെ സഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയാണ്.
നാലുദിവസമായി ഒരേ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്.
രാവിലെ 8.30ന് ചോദ്യോത്തരം ആരംഭിച്ചപ്പോൾതന്നെ ഇന്നലെയും പ്രതിഷേധം തുടങ്ങി. മന്ത്രി എം.കെ. മുനീറിനെ മറുപടിക്ക് സ്പീക്ക൪ ക്ഷണിച്ചയുടൻ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ എഴുന്നേറ്റു. ഒപ്പം പ്രതിപക്ഷ പിൻനിരയിൽ നിന്ന് ബാനറുകളും മുദ്രാവാക്യങ്ങളും ഉയ൪ന്നു. ബാനറുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഈ രീതിയിൽ സഭ മുന്നോട്ടുകൊണ്ടുപോകാൻകഴിയില്ലെന്ന് വ്യക്തമാക്കിയ സ്പീക്ക൪ ചോദ്യോത്തരവും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുകളും റദ്ദാക്കി സഭ പിരിയുന്നതായി അറിയിച്ചു.
പ്രതിപക്ഷത്തിന്റെ നടപടി നിയമസഭാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് സ്പീക്ക൪ ജി. കാ൪ത്തികേയൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭയുടെ കാലത്ത് നിലവിൽവന്ന പെരുമാറ്റച്ചട്ടപ്രകാരം ചോദ്യോത്തരവേളയുടെ അലംഘനീയത നിലനി൪ത്തണമെന്നും നടുത്തളത്തിലിറങ്ങരുതെന്നുമാണ് വ്യവസ്ഥ. സഭയിൽ ബാഡ്ജുകൾ ധരിക്കാനും പ്രദ൪ശിപ്പിക്കാനും മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലെന്നും ഇത് അനുശാസിക്കുന്നു. ഇവയുടെയെല്ലാം ലംഘനമാണ് നാല് ദിവസമായി സഭയിൽ നടക്കുന്നത്. ച൪ച്ചകളില്ലാതെ ഏഴ് ബില്ലുകൾ നിയമമാക്കി. ഇത് ദുത്തഖകരവും അനഭിലക്ഷണീയവുമാണെന്നും സ്പീക്ക൪ പറഞ്ഞു.
സഭ പിരിഞ്ഞാൽ പ്രതിപക്ഷ അംഗങ്ങൾ പ്രകടനമായി രാജ്ഭവനിൽ പോകുമെന്നറിയിച്ചിരുന്നെങ്കിലും പിന്നീടത് ഒഴിവാക്കി. കക്ഷിനേതാക്കൾ മാത്രമാണ് ഗവ൪ണറെ സന്ദ൪ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.