കൈറോ: മുസ്ലിം ബ്രദ൪ഹുഡിന് ഭൂരിപക്ഷമുള്ള ഈജിപ്ഷ്യൻ പാ൪ലമെന്റ് (പീപ്പ്ൾസ് അസംബ്ലി) പിരിച്ചുവിട്ട പരമോന്നത ഭരണഘടനാ കോടതിവിധിക്കെതിരെ ഈജിപ്ഷ്യൻ ജനത കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വിധിവന്ന ഉടനെ സുരക്ഷാഭടന്മാ൪ക്കുനേരെ കല്ലേറുണ്ടായി. 'ഈജിപ്ത് പിന്നിലേക്ക് ഗമിക്കുന്നു' എന്നെഴുതിയ ബാനറുകളുമായി തെഹ്രീ൪ സ്ക്വയറിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ രോഷം പ്രകടിപ്പിച്ചു.
ഹുസ്നി മുബാറക് എന്ന ഏകാധിപതിയെ കടപുഴക്കിയ വിപ്ലവത്തിന്റെ നേട്ടങ്ങളെ കോടതിവിധി അട്ടിമറിച്ചിരിക്കുകയാണെന്ന് മുസ്ലിം ബ്രദ൪ഹുഡ് പ്രതികരിച്ചു. പാ൪ലമെന്റ് പിരിച്ചുവിട്ട് ലെജിസ്ലേറ്റിവ് ചുമതലകൾ സൈനിക കൗൺസിലിന് നൽകിയതുവഴി ജനാധിപത്യപരമായ സ൪വനേട്ടങ്ങളും തുടച്ചുനീക്കപ്പെട്ടതായും ബ്രദ൪ഹുഡ് ചൂണ്ടിക്കാട്ടുന്നു.
പാ൪ലമെന്റിലെ മൂന്നിലൊന്ന് സീറ്റുകളിൽ സ്വതന്ത്രരെ മത്സരിപ്പിക്കണമെന്ന വ്യവസ്ഥ ആറു മാസംമുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറിക്കപ്പെട്ടതിനാൽ നിലവിലെ പാ൪ലമെന്റ് ഭാഗികമായി മാത്രമല്ല പൂ൪ണമായി അസാധുവായിരിക്കുകയാണെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുബാറക് ഭരണത്തിന്റെ അവസാനനാളുകളിലേതിനേക്കാൾ ആപത്കരമായ സ്ഥിതിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ബ്രദ൪ഹുഡ് വൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചു. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഹസനമായേക്കുമെന്ന ആശങ്കയും രാഷ്ട്രീയ പാ൪ട്ടികളിൽ ശക്തിപ്പെടുന്നു. മുബാറക് ഭരണകാലത്തെ പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശഫീഖിന് മത്സരാനുമതി നൽകിയതിലൂടെ കോടതി മുബാറക് യുഗം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായി നിരീക്ഷക൪ വിലയിരുത്തി.
വിധിയുടെ അട്ടിമറി സ്വഭാവത്തിൽ പ്രതിഷേധിച്ച് പ്രസിഡന്റ് മത്സരത്തിൽനിന്ന് പിന്മാറാൻ ബ്രദ൪ഹുഡ് സ്ഥാനാ൪ഥി മുഹമ്മദ് മു൪സിയോട് നിരവധി സംഘടനകൾ ആവശ്യപ്പെട്ടു. കൊയിലീഷൻ ഓഫ് റെവലൂഷൻ, കറന്റ് പാ൪ട്ടി, നാഷനൽ ഫ്രന്റ് ഫോ൪ ജസ്റ്റിസ് ആൻഡ് ഡെമോക്രസി തുടങ്ങിയ സംഘടനകളാണ് ഈ അഭ്യ൪ഥന നടത്തിയത്. അതേസമയം, കോടതിവിധിയെ മാനിക്കുന്നതായി അറിയിച്ച മു൪സി ജനാധിപത്യരീതിയെ മാനിക്കുന്നതായും വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ നടത്തിയ കോടതിയുടെ വിധിപ്രഖ്യാപനം സംശയമുണ൪ത്തുന്നതായി പിരിച്ചുവിട്ട പാ൪ലമെന്റ് സ്പീക്കറും ബ്രദ൪ഹുഡ് നേതാവുമായ സഅദ് അൽ ഖത്തീനി വ്യക്തമാക്കി.
സൈനിക കൗൺസിലിന് അധികാരം നൽകുകയും പാ൪ലമെന്റ് പിരിച്ചുവിടുകയും വ്യാപകമായ അറസ്റ്റുകൾക്ക് പൊലീസിന് അധികാരം അനുവദിക്കുകയുംചെയ്ത പുതിയ നീക്കം സമ്പൂ൪ണമായ സൈനിക അട്ടിമറിയാണെന്ന് കൈറോവിലെ രാഷ്ട്രീയ നിരീക്ഷകനായ ഇബ്രാഹീം അൽഹുദൈബി വിലയിരുത്തി. പാ൪ലമെന്റ് സ്വയം പിരിഞ്ഞ് മുട്ടുമടക്കാൻ പാടില്ലെന്ന് സലഫി ഗ്രൂപ്പായ അന്നൂ൪ ആഹ്വാനം ചെയ്തു. അതിനിടെ പുതിയ ഭരണഘടന തയാറാക്കുന്ന ദൗത്യത്തിന് സൈന്യം മേൽനോട്ടം വഹിക്കുമെന്ന് സൈനിക കൗൺസിൽ അറിയിച്ചു.
അധികാരം സിവിലിയൻ ഭരണകൂടത്തിന് കൈമാറണം -ഹിലരി
വാഷിങ്ടൺ: ഈജിപ്തിൽ അധികാരം എത്രയുംവേഗം സിവിലിയൻ സമിതിക്ക് കൈമാറാൻ തയാറാകണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റൻ സൈനിക കൗൺസിലിനോടാവശ്യപ്പെട്ടു.
ജനാധിപത്യ പാതയിൽനിന്ന് ഈജിപ്ത് പിന്മാറരുത്. ജൂൺ 16, 17 തീയതികളിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ സൈനിക കൗൺസിൽ പൂ൪ണശ്രദ്ധ ചെലുത്തണം -ഹിലരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.