കൊടി സുനിയും കൂട്ടാളികളും റിമാന്‍ഡില്‍

വടകര: ടി.പി. ചന്ദ്രശേഖരൻ വധകേസിലെ മുഖ്യപ്രതികളായ ചൊക്ളി മീത്തലെ ചാലിൽ കൊടിസുനി എന്ന എം.കെ. സുനിൽകുമാ൪ (32) പന്തക്കൽ നടുവിൽ മലയാട്ട് മനോജ് കുമാറെന്ന കി൪മാനി മനോജ് (32), ചൊക്ളി പറമ്പത്ത് മുഹമ്മദ് ഷാഫി (26) എന്നിവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച പുല൪ച്ചെ 6.30ഓടെയാണ് പ്രതികളെ മജിസ്ട്രേറ്റ് എം.ശുഹൈബിന്റെ ചോളംവയലിലെ വീട്ടിൽ ഹാജരാക്കിയത്. പിന്നീട്, ഇവരെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ഹാജരാക്കുന്നത് രഹസ്യമാക്കിവെച്ചതിനാലും കനത്ത മഴയായതിനാലും ജനക്കൂട്ടമുണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളിലെ മുഖ്യസൂത്രധാരൻ എന്ന നിലയിലും ഗുണ്ടാസംഘത്തലവൻ എന്ന നിലയിലും കൊടി സുനിക്കെതിരായ ജനവികാരം ഭയന്നാണ് കോടതി പ്രവൃത്തി സമയത്ത് ഹാജരാക്കുന്നതിന് പകരം മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്.
വ്യാഴാഴ്ച ഒരു മുന്നറിയിപ്പുമില്ലാതെ വടകര ജില്ലാ ആശുപത്രിയിൽ ഇവരെ വൈദ്യപരിശോധനക്ക് കൊണ്ടു വന്നപ്പോൾ വൻ ജനാവലിയാണ് പ്രതിഷേധവുമായി എത്തിയത്. തിരിച്ചറിയൽ പരേഡിന് ഹാജരാക്കേണ്ടതിനാൽ മുഖം മൂടി ധരിപ്പിച്ചാണ് കൊടി സുനിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ എത്തിച്ചത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.