കോഴിക്കോട്: റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊന്നവരിൽ ഒരാളൊഴിച്ച് മറ്റെല്ലാവരെയും പൊലീസിന് പിടികൂടാനായതോടെ അന്വേഷണം നി൪ണായക വഴിത്തിരിവിലെത്തി. ഇനി കൊലക്ക് പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കുന്ന ജോലി മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിനുള്ളൂ. വ്യാഴാഴ്ച പിടിയിലായ കൊടി സുനി, കി൪മാനി മനോജ്, ഷാഫി എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലക്ക് നി൪ദേശം നൽകിയവരെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.
നേരത്തെ പിടിയിലായ കൊലയാളി സംഘത്തിലെ സിജിത്ത്, ടി.കെ.രജീഷ്, എം.സി. അനൂപ് എന്നിവരിൽനിന്ന് കൊലയുടെ ആസൂത്രകരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങൾ കൊടി സുനി ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്ത് ഒന്നുകൂടി ഉറപ്പാക്കാനായാൽ കൊലക്ക് പിന്നിലുള്ളവരെ പൊലീസിന് അറസ്റ്റ് ചെയ്യാനാവും.
കൊലയാളി സംഘത്തിൽ ഷിനോജിനെ മാത്രമാണ് ഇനി കിട്ടാനുള്ളത്. പ്രതിപ്പട്ടികയിലുള്ള സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെയും പിടികൂടാനുണ്ട്. പ്രതിപ്പട്ടികയിലെ 38ൽ 36 പേരും അറസ്റ്റിലായതോടെ അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.
മേയ് നാലിന് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നുതന്നെ, കൊലയാളി സംഘത്തിലുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു പറഞ്ഞ പേരായിരുന്നു കൊടി സുനിയുടേത്. പക്ഷേ, ഇയാളെ പിടികൂടാൻ 40 ദിവസം വേണ്ടിവന്നു. സമ൪ഥരായ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വലിയ വെല്ലുവിളിയായി അന്വേഷണം ഏറ്റെടുത്തതും രാഷ്ട്രീയ സമ്മ൪ദമില്ലാതെ അനേഷണം മുന്നോട്ടുപോയതുമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്.
അന്വേഷണം സി.പി.എം നേതൃത്വത്തിലേക്ക് നീങ്ങിയതോടെ പാ൪ട്ടിയുടെ ഭാഗത്തുനിന്ന് ചെറുത്തുനിൽപ്പും ഭീഷണിയുമുണ്ടായെങ്കിലും ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ തെളിവുകളും മൊഴികളും പുറത്തുവന്നതോടെ എതി൪പ്പിന്റെ മുനയൊടിഞ്ഞു. മേയ് ഒമ്പതിനാണ്് വടകര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആ൪ സമ൪പ്പിച്ചത്.
സി.പി.എം ഏരിയാ തലത്തിന് മുകളിലേക്ക് അന്വേഷണം നീങ്ങുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേ൪ പ്രതികളിൽ ചില൪ പരാമ൪ശിച്ചതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.