ഗുജറാത്ത് സ്ഫോടനം: എന്‍.ഐ.എ സംഘം മട്ടാഞ്ചേരിയില്‍ അന്വേഷണം തുടരുന്നു

മട്ടാഞ്ചേരി: ഗുജറാത്ത് സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് മട്ടാഞ്ചേരിയിൽ എത്തിയ എൻ.ഐ.എ സംഘം സംശയമുള്ള ഏതാനും പേരെ ഞായറാഴ്ച  േചാദ്യം ചെയ്തു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കുകളിൽ ഒന്ന് മട്ടാഞ്ചേരിയിൽനിന്നുള്ളതാണെന്ന സൂചനയെത്തുട൪ന്നാണ് എൻ.ഐ.എ കഴിഞ്ഞദിവസം കൊച്ചിയിൽ എത്തിയത്. 2008ലെ ഗുജറാത്ത് സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കുകളുടെ ഷാസി നമ്പറുകളിൽ ഒരെണ്ണം മട്ടാഞ്ചേരി സ്വദേശിയുടെയും ഒരെണ്ണം ആലുവ സ്വദേശിയുടേതുമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നത്. തോപ്പുംപടി സ്വദേശി റഫീഖ് എന്നയാളുടെ പേരിലാണ് ബൈക്കിന്റെ രേഖകളെന്ന് അന്വേഷണ സംഘം സൂചന നൽകി. മട്ടാഞ്ചേരി സ്വദേശി ഷഹീ൪ എന്നയാൾക്ക് ബൈക്ക് വിറ്റതായി റഫീഖ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി ജോയന്റ് ആ൪.ടി. ഓഫിസിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ഷഹീറിനെയും എൻ.ഐ.എ ചോദ്യം ചെയ്തു. ഇപ്പോൾ കൊച്ചി നഗരസഭ ആറാം ഡിവിഷനിലാണ് ഷഹീറിന്റെ താമസം. ബൈക്ക് മോഷണം പോയെന്ന് ഷഹീ൪ മൊഴി നൽകിയെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിൽ ബൈക്ക് മറ്റൊരാൾക്ക് വിൽപ്പന നടത്തിയതായി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് കച്ചവടം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
ആലുവയിലും അടുത്തദിവസം സംഘം അന്വേഷണം നടത്തും. ബൈക്കുകളിലൊന്ന് ആലുവ സ്വദേശിയുടേതാണെന്ന് കണ്ടെത്തിയതിനെത്തുട൪ന്നാണ് അന്വേഷണം ആലുവയിലേക്കും വ്യാപിപ്പിക്കുന്നത്. മട്ടാഞ്ചേരി ജോയന്റ് ആ൪.ടി.ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ്, നഗരസഭ സോണൽ ഓഫിസ് എന്നിവിടങ്ങളിൽ എൻ.ഐ.എ സംഘമെത്തി രേഖകളുടെ പരിശോധന ഞായറാഴ്ചയും തുട൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.