ആദിവാസിമേഖലകളില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ മാവോയിസ്റ്റ്, നക്സലൈറ്റ് വിഭാഗങ്ങൾ സ്വാധീനം ഉറപ്പിക്കുന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളിൽ നടപടികൾ ക൪ശനമാക്കിയതിനെതുട൪ന്ന് സുരക്ഷിതമായ ഒളിയിടമായി ഈ സംഘടനകൾ കേരളത്തെ കണക്കാക്കുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരക്കാ൪ പ്രധാനമായും കേരളത്തിലെത്തുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോ൪ട്ടിലുണ്ട്. അതി൪ത്തി പ്രദേശങ്ങളിലാണ് ഇവ൪ ക്യാമ്പ് ചെയ്യുന്നത്.  ആദിവാസി മേഖലകളാണ് പ്രധാന ഒളിസങ്കേതം. ഇതേതുട൪ന്ന് മലയോരമേഖല കേന്ദ്രീകരിച്ച പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ചില സന്നദ്ധ, ആദിവാസി സംഘടനകൾക്ക് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നും സംശയിക്കുന്നുണ്ട്. അത്തരം ചില സംഘടനകളും നിരീക്ഷണത്തിലാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. ഭൂമി പിടിച്ചെടുക്കൽ സമരങ്ങൾക്ക് ഇത്തരം സംഘടനകൾ നേതൃത്വം നൽകുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ചെങ്ങറ, മുത്തങ്ങ സമരങ്ങളിൽ ഇവരുടെ പിന്തുണയുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. സായുധ വിപ്ലവത്തിലൂടെ മാറ്റം ലക്ഷ്യമിടുന്ന  ഗ്രൂപ്പുകൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ജനങ്ങളുടെ നിരക്ഷരത ചൂഷണം ചെയ്താണ് ഇത്തരം തീവ്രവാദസംഘടനകൾ സ്വാധീനം ഉറപ്പിക്കുന്നത്. ജന്മിത്തം കേരളത്തിൽ നിലനിൽക്കുന്നില്ല എന്നതിനാലാണ് അക്രമങ്ങൾ ഇവരിൽ നിന്നുണ്ടാകാത്തതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.