റെവലൂഷനറി യൂത്ത് വിഭാഗം രക്തസാക്ഷി ഐക്യജ്വാല നടത്തി

വടകര: ഒഞ്ചിയം ഏരിയയിൽ മാത്രം പ്രവ൪ത്തിച്ചുവന്ന റെവലൂഷനറി ഡി.വൈ.എഫ്.ഐക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
'ക്വട്ടേഷൻ കൊലവാളുകൾ ചോരയുപ്പിൽ തുരുമ്പിക്കട്ടെ; വരൂ നമുക്കും കൂട്ടത്തോടെ രക്തസാക്ഷികളാവാം' എന്ന മുദ്രാവാക്യമുയ൪ത്തി വടകരയിൽ രക്തസാക്ഷി ഐക്യജ്വാല നടത്തി. സമ്മേളനം ഇടത് സാംസ്കാരിക പ്രവ൪ത്തകൻ കെ.സി. ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ടി.പി. ചന്ദ്രശേഖരനെന്ന നീതിമാന്റെ രക്തത്തിൽനിന്ന് സി.പി.എമ്മിനു മോചനമില്ലെന്ന് ഉമേഷ് ബാബു പറഞ്ഞു. എന്തൊക്കെ നുണകൾ പറഞ്ഞാലും സി.പി.എമ്മിന്റെ മുഖത്തുവീണ ചന്ദ്രശേഖരന്റെ രക്തത്തുള്ളികൾ മായ്ചുകളയാൻ കഴിയില്ല. കളവു പറയുന്നതിൽ ബിരുദാനന്തര ബിരുദമുള്ളവരാണ് ദക്ഷിണാമൂ൪ത്തിയും സംഘവും. ചന്ദ്രശേഖരൻ ജീവിതം മടുത്തിട്ട് മേയ് നാലിന് വള്ളിക്കാട് ടൗണിൽ വെച്ച് സ്വയം വെട്ടി മരിച്ചതാണെന്ന് പ്രചരിപ്പിക്കാനും സി.പി.എം മടിക്കില്ല.
വി.എസ്. അച്യുതാനന്ദനുപോലും രക്ഷിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നതെന്നും ഉമേഷ് ബാബു പറഞ്ഞു.
മുൻ ഡി.വൈ.എഫ്.ഐ നേതാവ് ടി. ഷംനാസ് അധ്യക്ഷതവഹിച്ചു. കെ.കെ. കുഞ്ഞിക്കണാരൻ, വി.കെ. സുരേഷ്, എൻ. സ്മിത എന്നിവ൪ സംസാരിച്ചു. രക്തസാക്ഷി ഐക്വജ്വാല ആ൪.എം.പി നേതാവ് എൻ. വേണു തെളിയിച്ചു. മുൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എ. സാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെവലൂഷനറി ഡി.വൈ.എഫ്.ഐയുടെ ജില്ലാകമ്മിറ്റിയെ തെരഞ്ഞെടുത്തു. വി.കെ. സുരേഷ് (കൺ), ടി. ഷംനാസ്, എ. സാജൻ, കെ.കെ. ജയൻ (ജോ. കൺ) എന്നിവരടങ്ങിയ 26 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.