തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാല 2011 മേയിൽ നടത്തിയ ഡിഗ്രി നാലാം സെമസ്റ്റ൪ പരീക്ഷയുടെ മൂവായിരത്തോളം ഉത്തരക്കടലാസുകൾ കാണാതായി. ഈ ബാച്ചിലെ വിദ്യാ൪ഥികളുടെ ഫൈനൽപരീക്ഷ കഴിഞ്ഞിട്ടും നാലാംസെമസ്റ്ററിന്റെ ഫലം ഭാഗികമായേ പ്രസിദ്ധീകരിക്കാനായുള്ളൂ.
ഇതോടെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ രീതിയിലുള്ള ആദ്യ ഡിഗ്രി ഫല പ്രഖ്യാപനം അനിശ്ചിതത്വത്തിലായി.
മൂല്യനി൪ണയ ക്യാമ്പുകളിൽനിന്ന് സ൪വകലാശാലയിൽ എത്തിച്ച ഉത്തരക്കടലാസുകൾ എവിടെയാണെന്ന് കണ്ടെത്താനാവാത്തതാണ് പ്രശ്നം. ഉത്തരക്കടലാസ് ക്യാമ്പിൽ എത്തിച്ചോയെന്നും അധികൃത൪ക്ക് നിശ്ചയമില്ല. ഉത്തരക്കടലാസിലെ ബാ൪കോഡ് പരിശോധിച്ചാണ് മാ൪ക്കുകൾ രേഖപ്പെടുത്തേണ്ടത്.
ഒരുവ൪ഷം മുമ്പ് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായതോടെ കിട്ടിയ പേപ്പ൪ പരിശോധിച്ച് ഭാഗികമായി ഫലം പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് നാലാംസെമസ്റ്റ൪ ഫലം പ്രസിദ്ധീകരിച്ചത്. ഒരു കോളജിൽതന്നെ പല൪ക്കും റിസൽട്ട് ലഭിക്കുകയും കിട്ടാതിരിക്കുകയുമുണ്ടായി.
തൊട്ടുപിന്നിലെ ബാച്ചിലെ നാലാം സെമസ്റ്റ൪ പരീക്ഷ ഇവ൪ക്കുള്ള സപ്ലിമെന്റി, ഇംപ്രൂവ്മെന്റ് അവസരമാണ്.
ഫലംതേടി വിദ്യാ൪ഥികൾ പരീക്ഷാഭവനിലെത്തുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണ് അധികൃത൪. ഇവരുടെ തൊട്ടുപിന്നിലുള്ള ബാച്ചിന്റെ നാലാം സെമസ്റ്റ൪ പരീക്ഷ ജൂൺ 15ലേക്ക് മാറ്റിയിട്ടുണ്ട്. അതിനുമുമ്പ് ഫലം പൂ൪ണമായും പ്രഖ്യാപിച്ചില്ലെങ്കിൽ ഇവ൪ക്ക് മാത്രമായി പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്തുമെന്ന് ഉറപ്പുനൽകിയിരിക്കയാണ് അധികൃത൪.
സ൪വകലാശാലക്കു കീഴിലെ ആ൪ട്സ് ആൻഡ് സയൻസ് കോളജുകൾ ഒരാഴ്ച അടച്ചിട്ടാണ് നാലാം സെമസ്റ്ററിന്റെ മൂല്യനി൪ണയ ക്യാമ്പ് നടത്തിയത്.
മാസങ്ങൾക്കുമുമ്പ് മൂല്യനി൪ണയം നടന്നിട്ടും മാ൪ക്ക് എഴുതിച്ചേ൪ക്കാൻ ആഴ്ചകൾക്കുമുമ്പാണ് നടപടിയുണ്ടായത്. ക്യാമ്പിൽനിന്ന് ഉത്തരക്കടലാസ് എത്തിച്ചതിനോ സ്വീകരിച്ചതിനോ രേഖയില്ലെന്നാണ് പരീക്ഷാഭവൻ പറയുന്നത്.
എന്നാൽ, ഗോഡൗണിൽ ഉത്തരക്കടലാസ് ഉണ്ടോ എന്നറിയാൻ കാര്യമായ ശ്രമമൊന്നും ജീവനക്കാ൪ കാണിച്ചില്ലെന്നും പരാതിയുണ്ട്.
കഴിഞ്ഞവ൪ഷം നവംബറിൽ നടന്ന അഞ്ചാം സെമസ്റ്ററിന്റെയും ഫലവും ഭാഗികമായാണ് പ്രസിദ്ധീകരിച്ചത്. ഫൈനൽ സെമസ്റ്ററിന്റെ മൂല്യനി൪ണയം പൂ൪ത്തിയാക്കിയിട്ടുണ്ട്. നാല്, അഞ്ച് ഫലം പ്രഖ്യാപിക്കാതെ ഫൈനൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനാവില്ല. മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളുടെ ഗ്രേഡ് കാ൪ഡും (മാ൪ക്ലിസ്റ്റ്) തയാറായിട്ടില്ല. ബി.എം.എം.സിയുടെ അഞ്ച്, ആറ് സെമസ്റ്ററുകളുടെ പ്രാക്ടിക്കൽ പരീക്ഷ പോലും ഇതുവരെ നടന്നില്ല. ബി.എ അഫ്ദലുൽ ഉലമയുടെ മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളുടെയും ഫലം പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതെല്ലാം ഉടൻ പരിഹരിച്ചില്ലെങ്കിൽ കാലിക്കറ്റിലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ ആദ്യ ഡിഗ്രി ബാച്ചുകാരുടെ ഭാവി അവതാളത്തിലാവും.
തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയുടെ അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചില്ല. ഇതോടെ, ബി.എ അഫ്ദലുൽ ഉലമ പ്രവേശം വൈകുമെന്നുറപ്പായി. സ൪വകലാശാലക്കു കീഴിലെ കോളജുകളിൽ ഡിഗ്രി പ്രവേശം ഈ മാസം 28ന് തുടങ്ങാനിരിക്കെ ബി.എ അഫ്ദലുൽ ഉലമ ക്ളാസ് എന്നു തുടങ്ങുമെന്ന ആശങ്കയിലാണ് അറബിക് കോളജുകൾ.
പ്രിലിമിനറി കഴിഞ്ഞവ൪ക്ക് ആ൪ട്സ് കോളജുകളിലെ ബി.എ അറബിക്കിന് അപേക്ഷിക്കാനാവും. ഒരാഴ്ചക്കുള്ളിൽ ഫലം വന്നില്ലെങ്കിൽ ഇവ൪ക്ക് ഈ അവസരം നഷ്ടമാവും. കഴിഞ്ഞ ഏപ്രിലിൽ നടന്ന പ്രിലിമിനറി പരീക്ഷയുടെ മൂല്യനി൪ണയം ഇപ്പോൾ നടക്കുകയാണ്. കാലിക്കറ്റ് സ൪വകലാശാലക്കു കീഴിൽ അയ്യായിരത്തോളം പേരാണ് ഈ പരീക്ഷയെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.