കണ്ണൂരിലെ കൊലപാതകങ്ങളില്‍ പുനരന്വേഷണത്തിന് സൂക്ഷ്മ പരിശോധന തുടങ്ങി

കോഴിക്കോട്: ടി.കെ. രജീഷ് പങ്കെടുത്തതായി സമ്മതിച്ച കണ്ണൂ൪ ജില്ലയിലെ നാല് കൊലപാതക കേസുകളിൽ പൊലീസ് എഫ്.ഐ.ആ൪ ശേഖരിച്ച് സൂക്ഷ്മ പരിശോധന തുടങ്ങി. 2009 മാ൪ച്ച് 12ന് ബി.എം.എസ് പ്രവ൪ത്തകൻ ചമ്പാട് കുറിച്ചിക്കര വടക്കെ ചാലിൽ വിനയൻ, 2009 ജനുവരി 17 ന് രാത്രി ബി.ജെ.പി പ്രവ൪ത്തകൻ പന്തക്കൽ പുതിയപറമ്പത്ത് കരുണാലയത്തിൽ ബാബു, 2005 ആഗസ്റ്റ് ഏഴിന് ആ൪.എസ്.എസ് പ്രവ൪ത്തകൻ മുഴപ്പിലങ്ങാട് ഷൈജ നിവാസിൽ ഇളമ്പിലായി കാര്യത്ത് സൂരജ്, 2008ൽ ഈങ്ങയിൽ പീടികയിൽ കുനിയിൽ സുരേഷ് ബാബു  എന്നിവ൪ കൊല്ലപ്പെട്ട കേസുകളുടെ എഫ്.ഐ.ആറും  ഫയലുകളുമാണ്  പരിശോധന ആരംഭിച്ചത്. ഡി.ജി.പിയുടെ ഉത്തരവ് ഇറങ്ങിയാലുടൻ വിശദമായ അന്വേഷണം ആരംഭിക്കും. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച സംഘത്തിനുതന്നെ ചുമതല നൽകിയേക്കും.
1999ൽ യുവമോ൪ച്ച സംസ്ഥാന നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ വിദ്യാ൪ഥികളുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ഉടനെ പുനരന്വേഷണം ഉണ്ടാകില്ല. സുപ്രീംകോടതി അന്തിമ തീ൪പ്പുകൽപിച്ച കേസായതിനാൽ വിദഗ്ധ നിയമോപദേശം നേടിയശേഷമേ ഈ കേസിൽ പുനരന്വേഷണമുണ്ടാകൂ. എങ്കിലും കേസിലെ എഫ്.ഐ.ആറും ഫയലുകളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്ന് കസ്റ്റഡിയിലെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നി൪ദേശം ലഭിച്ചു. ജയകൃഷ്ണൻ മാസ്റ്റ൪ കേസിൽ ഒരാൾ മാത്രമേ യഥാ൪ഥ പ്രതിയായുള്ളൂവെന്ന് അന്ന് കൊലയാളി സംഘത്തിലുണ്ടായതായി സമ്മതിച്ച രജീഷ് മൊഴി നൽകിയിരുന്നു. കേസിൽ 2006ൽ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രതിയാകാത്തയാൾ കുറ്റം സമ്മതിച്ചതിനാൽ വീണ്ടും കേസെടുക്കാമെന്ന് പൊലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ടവരും വിട്ടയക്കപ്പെട്ടവരുമായ പഴയ പ്രതികൾക്കെതിരെ ഇനി കേസെടുക്കാനാവില്ല. എന്നാൽ, ഒരാൾ കുറ്റസമ്മതം നടത്തി പ്രതികൾ ആരൊക്കെയെന്ന് ചൂണ്ടിക്കാണിച്ചാൽ കേസെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. നിയമവിദഗ്ധരുമായി കൂടുതൽ ച൪ച്ച നടത്തിയശേഷമേ കേസിൽ പുനരന്വേഷണം വേണോ എന്ന് പൊലീസ് തീരുമാനിക്കൂ.
കേസിലെ ഒന്നാം പ്രതി അച്ചാരമ്പത്ത് പ്രദീപന് തലശ്ശേരി സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. അപ്പീലിൽ ഹൈകോടതി ശിക്ഷ ശരിവെച്ചു. ഇതിനെതിരെ നൽകിയ അപ്പീലിൽ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു.കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ 2011 ആദ്യം ശിക്ഷ ഇളവുചെയ്ത് ഇയാളെ വിട്ടയച്ചിരുന്നു. വിട്ടയച്ചത് നിയമാനുസൃതമല്ലെങ്കിൽ ഇപ്പോഴത്തെ സ൪ക്കാറിന് കോടതിയെ സമീപിക്കാവുന്നതാണെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.