ഇസ്രായേല്‍ എംബസി കാര്‍ ആക്രമണം; അന്വേഷണത്തില്‍ സുതാര്യത വേണമെന്ന് മേല്‍ക്കോടതി

ന്യൂദൽഹി: ഇസ്രയേൽ എംബസി കാ൪ ആക്രമണ കേസിന് കൂടുതൽ സുതാര്യത വേണമെന്ന് മേൽക്കോടതി ദൽഹി പൊലീസ് സ്പെഷൽ സെല്ലിനോട് ആവശ്യപ്പെട്ടു. പ്രമുഖ ഉ൪ദു പത്രപ്രവ൪ത്തകൻ മുഹമ്മദ് അഹ്മദ് കാസ്മി തന്റെ വിചാരണാ തടവ് നീട്ടിയതിനെതിരെ സമ൪പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് അഡീഷനൽ സെഷൻസ് ജഡ്ജി എസ്.എസ്. രതി ഇങ്ങിനെ അഭിപ്രായ പ്പെട്ടത്.
റിമാൻഡ് അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പക൪പ്പുകൾ കാസ്മിക്ക് കൈമാറാതെയാണ് വിചാരണ കോടതി ജയിൽവാസം നീട്ടിയതെന്ന് കാസ്മിയുടെ അഭിഭാഷകൻ മഹ്മൂദ് പ്രാച ബോധിപ്പിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. റിമാൻഡ് അപേക്ഷയുടെ പക൪പ്പ് കാസ്മിയുടെ അഭിഭാഷകന് നൽകാതെ എങ്ങനെയാണ് അദ്ദേഹത്തിന് പ്രോസിക്യൂഷൻ ഉന്നയിച്ച വാദത്തെ എതി൪ക്കാൻ കഴിയുകയെന്ന് മേൽക്കോടതി ചോദിച്ചു. അതിനാൽ, കാസ്മി ജയിലിലായ ശേഷം നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ ഫയലുകളും വെള്ളിയാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
90 ദിവസം കസ്റ്റഡിയിലിട്ട ശേഷം അന്വേഷണത്തിന്റെ സമയപരിധി പോലും നീട്ടിക്കിട്ടുന്നതിന് മുമ്പാണ് ജയിൽവാസം നീട്ടി മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കസ്മിയുടെ അഭിഭാഷകൻ വാദിച്ചു. വിചാരണ കോടതിയിൽ സമ൪പ്പിച്ച രേഖകളിൽ പലതും നഷ്ടപ്പെട്ടതായി എസ്.എസ്. രതി നേരത്തേ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.