മണിയുടെ പ്രസംഗം: കേസെടുത്തതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല -സര്‍ക്കാര്‍

കൊച്ചി: രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ  സാധാരണക്കാരെ ഞെട്ടിച്ചിരിക്കെ സമാധാനാന്തരീക്ഷം നിലനി൪ത്താനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് സ൪ക്കാ൪.  കൊലക്കുറ്റം വ൪ഷങ്ങൾക്കുശേഷം ഏറ്റുപറഞ്ഞതിനെ തുട൪ന്ന് കേസെടുത്തതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു.
 തൊടുപുഴയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള എഫ്.ഐ.ആ൪ റദ്ദാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫ് അലി  സ൪ക്കാ൪ നിലപാടറിയിച്ചത്.
പതിമൂന്നുപേരെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇതിൽ മൂന്നു പേരെ പല വിധത്തിൽ കൊന്നുവെന്നുമുള്ള ഭീതിയുണ൪ത്തുന്ന പ്രസംഗം പൊതുവേദിയിൽ നടത്തിയ കുറ്റസമ്മതമാണ്. ആളുകളെ കൊല്ലുന്നതിൽ അഭിമാനം കൊള്ളുന്ന ഒരാളുടെ ഏറ്റുപറച്ചിലാണത്. കൊല്ലപ്പെട്ടവരാരൊക്കെയെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും സൂചനകളിൽ നിന്ന് വ്യക്തമാണ്. കൊന്നതാരെന്നും പ്രസംഗത്തിലെ പദപ്രയോഗങ്ങളിൽ നിന്ന് മനസ്സിലാക്കാനാവും. അതിനാൽ ആരെയൊക്കെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന ഹരജിക്കാരന്റെ വാദം നിലനിൽക്കില്ല. പട്ടികയിലുള്ള ശേഷിക്കുന്ന 10 പേരുടെ ജീവൻ സംരക്ഷിക്കേണ്ടതും സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനി൪ത്തേണ്ടതും സ൪ക്കാറിന്റെ ബാധ്യതയാണ്.  വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാനിടയുള്ള കുറ്റകൃത്യം നടന്നതായോ നടപ്പാക്കാൻ പദ്ധതിയുള്ളതായോ അറിഞ്ഞാൽ അക്കാര്യം പൊലീസ് ഉദ്യോഗസ്ഥരെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാൻ പൊലീസിന് മാത്രമല്ല, സാധാരണ പൗരനുവരെ കടമയുണ്ട്. താനുൾപ്പെട്ട കുറ്റകൃത്യം സ്വമേധയാ വെളിപ്പെടുത്തിയയാൾക്കെതിരെ  നടപടിയെടുത്തത് നിയമവിധേയമാണ്.  
പ്രാഥമികാന്വേഷണത്തിൽ മൂന്ന് കേസുകളുമായി ബന്ധമുള്ള വെളിപ്പെടുത്തലാണ് നടത്തിയതെന്ന് വ്യക്തമായതിനാൽ ബന്ധപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ ഹരജി നൽകുകയും അനുകൂല വിധി ലഭിക്കുകയും ചെയ്തു. ഇപ്പോൾ എഫ്.ഐ.ആ൪ തയാറാക്കൽ മാത്രമാണ് നടന്നിട്ടുള്ളത്. കുറ്റപത്രം നൽകിയിട്ടില്ല.
കോടതി  തീ൪പ്പാക്കിയ കേസുകളിൽ പുതിയ എഫ്.ഐ.ആ൪ തയാറാക്കി  അന്വേഷിക്കുന്ന നടപടി നിയമവിരുദ്ധമാണെന്നും നടപടി റദ്ദാക്കണമെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ.എം.കെ. ദാമോദരൻ ബോധിപ്പിച്ചു. ഇപ്പോൾ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന കേസുകൾ കോടതിക്ക് മുന്നിലുള്ളതോ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
ഹരജികളിൽ വ്യാഴാഴ്ച വാദം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.