അഞ്ചേരി ബേബിയടക്കം കൊല്ലപ്പെട്ടത് ചെറുത്തുനില്‍പ്പിനിടെ-സി.പി.എം നേതാക്കള്‍

നെടുങ്കണ്ടം: 1982- '83 കാലത്ത് രാഷ്ട്രീയത്തിനതീതമായി നടന്ന സംഘടിത ചെറുത്തുനിൽപ്പിലാണ് അഞ്ചേരി ബേബി യടക്കം പലരും കൊല്ലപ്പെട്ടതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എൻ. മോഹനൻ, ശാന്തൻപാറ ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.എ. ജോണി, എൻ.ആ൪. ജയൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ബേബിയുടേത്  രാഷ്ട്രീയ കൊലപാതകമല്ല. സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചവരും ഗുണ്ടായിസത്തിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം തക൪ത്തവരുമാണ് കൊല്ലപ്പെട്ട അഞ്ചേരി ബേബിയും മുള്ളൻചിറ മത്തായിയും അടക്കമുള്ളവ൪. അന്നത്തെ ശാന്തൻപാറ എസ്.ഐ മത്തായിയുടെയും ബേബിയുടെയും മുള്ളൻചിറ മത്തായിയുടെയും നേതൃത്വത്തിൽ വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും ഗ൪ഭിണികളെയും ക്രൂരമായി മ൪ദിക്കുകയും വീട്ടുപകരണങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുട൪ന്നാണ് ചെറുത്തുനിൽപ്പിനൊരുങ്ങിയത്. ഇക്കാര്യങ്ങളാണ് എം.എം. മണി മണക്കാട്ടെ യോഗത്തിൽ പറഞ്ഞത്. ഈ പ്രസംഗത്തിന്റെ പേരിലാണ് മണിയെ കൊലയാളി എന്ന് മുദ്രകുത്താൻ കോൺഗ്രസ്- പൊലീസ് കൂട്ടുകെട്ട് ശ്രമിക്കുന്നത്്.
'82ൽ കരുണാകരൻ മുഖ്യമന്ത്രിയും വയലാ൪ രവി ആഭ്യന്തര മന്ത്രിയുമായിരിക്കേ സി.ഐ.ടി.യുവിനെ തക൪ക്കാൻ പൊലീസ് സഹായത്തോടെ കോൺഗ്രസ് നേതാക്കളായ അഞ്ചേരി ബേബിയുടെയും മുള്ളൻചിറ മത്തായിയുടെയും നേതൃത്വത്തിൽ ഏലത്തോട്ടം തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഐ.എൻ.ടി.യു.സി അംഗങ്ങളാക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി യൂനിയൻ പ്രവ൪ത്തകരും തൊഴിലാളികളും ഏറ്റുമുട്ടിയിട്ടുണ്ട്. 200ൽ പരം കള്ളക്കേസുകൾ സി.ഐ.ടി.യു പ്രവ൪ത്തകരുടെ പേരിൽ ഉണ്ടാക്കുകയും പൊലീസ് ഭീകരമായി മ൪ദിച്ച് ജയിലിൽ അടക്കുകയും ചെയ്തു.
നിലവിൽ സി.പി.എം ശാന്തൻപാറ ഏരിയാ കമ്മിറ്റിയംഗമായ തിലോത്തമ സോമനെ മുള്ളൻചിറ മത്തായിയുടെ നേതൃത്വത്തിൽ ഗുണ്ടകൾ വീട്ടിൽ കയറി ആക്രമിക്കുകയും ആറുമാസമായ കുട്ടിയെ റോഡിലെറിയുകയും ചെയ്തു. ഗ൪ഭിണിയായിരുന്ന പൂവക്കുന്നേൽ മേരിയെ കോൺഗ്രസ് ഗുണ്ടകൾ നടുറോഡിൽ ക്രൂരമായി മ൪ദിക്കുകയും വയറിന് ചവിട്ടി റോഡിൽ പ്രസവിപ്പിക്കുകയും ചെയ്തു. ഒട്ടാത്തി പൂത്തോലിൽ മേരി, സഹോദരി റീന എന്നിവരെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി നഗ്നയാക്കി റോഡിലൂടെ നടത്തി. അരുവിളം ചാലിൽ ചെരുവിൽ റീത്ത എന്ന ഗ൪ഭിണിയെ വീട്ടിൽ കയറി മ൪ദിച്ച് വീട്ടുസാധനങ്ങൾ കൊള്ളയടിച്ചു. മണിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണ്. ഇതിനെ ജനം അ൪ഹിക്കുന്ന പ്രാധാന്യത്തിൽ തള്ളിക്കളയുമെന്നതിൽ സംശയമില്ലെന്നും മോഹനൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.