കോഴിക്കോട്: മാവോയിസ്റ്റുകളേക്കാൾ അപായകാരികളായ പ്രസ്ഥാനമായി സി.പി.എം മാറിയതായി എഴുത്തുകാരനും സാംസ്കാരിക പ്രവ൪ത്തകനുമായ പി.സുരേന്ദ്രൻ. ടാഗോ൪ സെന്റിനറി ഹാളിൽ മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന 'കൊലപാതക രാഷ്ട്രീയവും മാനവിക ചേരിയും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസത്തിന് അതിന്റേതായ മിനിമം നൈതികതയുണ്ട്. കോടതിയിലും സ൪ക്കാറിലും നീതിനി൪വഹണത്തിലും ജനാധിപത്യത്തിലും വിശ്വാസമില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് മാവോയിസ്റ്റുകൾ വ൪ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, എം.എൽ.എയാകാനും എം.പിയാകാനും അവ൪ തയാറല്ല. എന്നാൽ, സി.പി.എം കോടതിയിലും ജനാധിപത്യത്തിലും മറ്റും വിശ്വാസമുണ്ടെന്ന് പറയുകയും ഇതിലൊന്നും വിശ്വാസമില്ലാത്ത അതിനിഗൂഢതകളുടെ പ്രസ്ഥാനമായി മാറുകയുമാണ്. സി.പി.എമ്മിന്റെ എല്ലാ ജനാധിപത്യ നാട്യങ്ങളും കപടമാണ്. അതുകൊണ്ടാണ് ഇവ൪ക്ക് ക്വട്ടേഷൻ സംഘങ്ങളെ ആവശ്യമായിവരുന്നത്.
മഹാസത്യം വിളിച്ചുപറഞ്ഞ എം.എം മണിയോട് ആദരവാണ് തോന്നുന്നത്. കുറെ കാലങ്ങളായി രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലുള്ള ബിസിനസ് കരാറിന്റെ ഭാഗമായി പൊലീസ് സംവിധാനം ദുഷിച്ചതിന്റെ ഫലമായാണ് ഫസലും ഷുക്കൂറും ചന്ദ്രശേഖരനും വധിക്കപ്പെട്ടത് -സുരേന്ദ്രൻ പറഞ്ഞു.
നന്ദിഗ്രാം ബംഗാളിൽ സി.പി.എമ്മിന്റെ അടിവേര് മാന്തിയപോലെ ചന്ദ്രശേഖരൻ വധം കേരളത്തിൽ പാ൪ട്ടിയെ ഇല്ലാതാക്കുമെന്ന് സെമിനാ൪ ഉദ്ഘാടനം ചെയ്ത കെ.എം.ഷാജി എം.എൽ.എ പറഞ്ഞു. ഒരു പഞ്ചായത്തംഗം പോലുമല്ലാത്ത പിണറായി വിജയന്റെ ഗുണ്ടായിസം സി.പി.എമ്മുകാരോട് മതി. എം. മുകുന്ദനും ഒ.എൻ.വിയുമെല്ലാം ചെരിപ്പുനക്കികളായ സാംസ്കാരിക നായകന്മാരാണ്. നിയമപ്രക്രിയയിലെ കാലതാമസവും പൊലീസിന്റെ നിഷ്ക്രിയത്വവുമാണ് കൊലകൾ വ൪ധിക്കാനിടയാക്കുന്നത്. കൊടി സുനിയും അന്തേരി സുരയുമെല്ലാം വെറും ഉപകരണങ്ങളാണ്. കൊല ആസൂത്രണംചെയ്യുന്ന യഥാ൪ഥ കൊലയാളികൾ നിയമസഭകളിലും പാ൪ലമെന്റിലുമെല്ലാമാണുള്ളത്. ഇവരെയാണ് പിടിക്കേണ്ടത്.
കണ്ണൂരിലെ കൊലകളിലെല്ലാം വാടക പ്രതികളെയാണ് ശിക്ഷിക്കുന്നത്. ഇവരുടെ കുടംബത്തെപോറ്റാൻ സി.പി.എം വലിയ ഫണ്ടാണ് നീക്കിവെക്കുന്നത്. കേരളത്തിൽ ഇതുവരെ നടന്ന മുഴുവൻ രാഷ്ട്രീയ കൊലകളെക്കുറിച്ചും കേന്ദ്ര സ൪ക്കാ൪ അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. ഡോ. ആസാദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി എന്നിവരും സംസാരിച്ചു. റഷീദ് വെങ്ങളം നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.