പേരാമ്പ്ര: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ സി.പി.എമ്മിനെ നിരോധിക്കണമെന്ന് ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഹരിഹരൻ. പേരാമ്പ്രയിൽ സംഘടിപ്പിച്ച 'ചന്ദ്രശേഖരന്റെ കൊലപാതകം പ്രതിഷേധ കൂട്ടായ്മ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിസ്റ്റ് തയാറാക്കി രാഷ്ട്രീയ എതിരാളികളെ വധിച്ചിട്ടുണ്ടെന്നും പാ൪ട്ടി പ്രതികളെ നൽകിയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു. കഴിഞ്ഞദിവസം നടത്തിയ ഇടതുപക്ഷ കൂട്ടായ്മ തക൪ക്കാൻ ശ്രമിച്ച പേരാമ്പ്രയിലെ സഖാക്കൾ പ്രകാശ് കാരാട്ടിനെ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി എം.എം. മണിയെ ആ സ്ഥാനത്ത് കൊണ്ടുവരണം -ഹരിഹരൻ പറഞ്ഞു.
പി. ജയരാജന്റെ കീഴിൽ ബ്രാഞ്ചിൽ പ്രവ൪ത്തിച്ച തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട. സി.പി.എമ്മിനെ തക൪ക്കലല്ല ലക്ഷ്യം, അതിനെ തിരുത്തുകയാണ്. സി.പി.എമ്മിനെ തക൪ക്കാൻ എം.എം. മണിയും പിണറായി വിജയനും ഉൾപ്പെടെയുള്ളവ൪ ധാരാളമാണ്. ചന്ദ്രശേഖരന് പാ൪ലമെന്ററി വ്യാമോഹമുണ്ടെങ്കിൽ അദ്ദേഹം ഇന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ എം.പിയായിരിക്കുമായിരുന്നു.
ഫാരിസ് അബൂബക്കറിനും ബിനീഷ് കോടിയേരിക്കും വ്യവസായം തുടങ്ങാൻ വേണ്ടിയാണ് ഏറാമലയിലും അഴിയൂരിലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെച്ചുമാറിയത്. ഇതു തടഞ്ഞതാണ് ചന്ദ്രശേഖരനോട് സി.പി.എമ്മിന് വിരോധമുണ്ടാവാൻ കാരണം. ചന്ദ്രശേഖരൻ വധം നല്ലരീതിയിൽ അന്വേഷിച്ചാൽ യു.ഡി.എഫിന് നല്ലതാണെന്നും അല്ലെങ്കിൽ മറ്റു വഴി നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റേത് കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കണം. അമ്മമാരുടെ കണ്ണീ൪ക്കടലിൽ നീന്താനാണ് പല രാഷ്ട്രീയ കക്ഷികളും ഇഷ്ടപ്പെടുന്നത് -ഡോ. പി. ഗീത പറഞ്ഞു. കേരളത്തിലെ ഓരോ രാത്രികളും ഭീകരസിനിമകളെ വെല്ലുന്ന രീതിയിലേക്കാണ് പോകുന്നതെന്ന് പ്രഫ. കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
ഡോ. കെ.എൻ. അജോയ്കുമാ൪ അധ്യക്ഷത വഹിച്ചു. എം.എം. സോമശേഖരൻ, കെ.സി. ഉമേഷ്ബാബു, മധു മാസ്റ്റ൪, സോമൻ കടലൂ൪, പി.കെ. നാണു, എ.കെ. മഹേഷ്, പി.കെ. സുരേന്ദ്രൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.