ടി.പി വധം: ഏരിയാ കമ്മിറ്റിയംഗമടക്കം രണ്ടുപേര്‍ കൂടി റിമാന്‍ഡില്‍

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസിൽ സി.പി.എമ്മിന്റെ മറ്റൊരു ഏരിയാ കമ്മിറ്റിയംഗമടക്കം രണ്ടുപേരെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവും മാഹി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ന്യൂമാഹി പുത്തലത്തുപൊയിൽ പി.പി. രാമകൃഷ്ണൻ (60), മാഹി മോരിക്കര കാട്ടിൽപറമ്പത്ത് അഭിജിത്ത് എന്ന അഭി (28) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാൻഡ് ചെയ്തു. ഹൃദ്രോഗിയായതിനാലാണ് രാമകൃഷ്ണനെ കൂടുതൽ ചോദ്യംചെയ്യാതെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന്് പൊലീസ്  ശനിയാഴ്ച അപേക്ഷ നൽകും.
രാമകൃഷ്ണനെ വെള്ളിയാഴ്ച രാവിലെ 11.20ഓടെ ന്യൂമാഹിയിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ രണ്ടു വ൪ഷം മുമ്പ് തലശ്ശേരി കേന്ദ്രമാക്കി നടത്തിയ ഗൂഢാലോചനാ കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മേയ് നാലിന് രാത്രി കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തെ ചൊക്ളിയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചതിന് അഭിക്കെതിരെ രണ്ടാമതൊരു കേസുകൂടി രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. രാമകൃഷ്ണന്റെ മാഹിയിലെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ മറ്റു ചില ഏരിയാ കമ്മിറ്റിയംഗങ്ങളും കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനും പങ്കെടുത്തതായി പൊലീസ് പറഞ്ഞു. ചന്ദ്രശേഖരനെ വകവരുത്താനുള്ള  ആയുധങ്ങൾ അന്ന് കുറച്ചു ദിവസം രാമകൃഷ്ണന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നു. കി൪മാനി മനോജ് എന്ന ഗുണ്ടയെ ക്വട്ടേഷൻ ഏൽപിക്കുന്നതിന് അന്ന് നടന്ന ഗൂഢാലോചനയുടെ സൂത്രധാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
രണ്ട് കൊലകേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഭി അന്ന് കി൪മാനി മനോജിനൊപ്പം രാമകൃഷ്ണന്റെ വീട്ടിൽ എത്തിയിരുന്നു. ഇയാൾ ഇപ്പോഴത്തെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടിട്ടില്ല. കുന്നുമ്മക്കര ലോക്കൽ സെക്രട്ടറി കെ.സി. രാമചന്ദ്രനൊപ്പം ജീപ്പിൽ ചന്ദ്രശേഖരനെ ഒരാഴ്ച പിന്തുട൪ന്ന സംഘത്തിൽ അഭിയും ഉണ്ടായിരുന്നു. രണ്ടു വ൪ഷം മുമ്പ് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മേയ് 23ന് അറസ്റ്റിലായ കൊലയാളി പാനൂ൪ അരയാക്കൂൽ സ്വദേശി സിജിത്ത് എന്ന അണ്ണൻ (25) കോഴിക്കോട്-കണ്ണൂ൪ ജില്ലാ അതി൪ത്തിക്കു സമീപം വലിച്ചെറിഞ്ഞ സിം കാ൪ഡിന്റെ ഒരു ഭാഗം ഇന്നലെ നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. കൊലക്കുശേഷം പരിഭ്രാന്തിയിലായ സംഘം ഇന്നോവ കാറിൽവെച്ച് മദ്യപിച്ചതായും ബിയ൪ ഉപയോഗിച്ച് ഇടതുകൈയിലെ മുറിവ് കഴുകിയശേഷം ഫോൺ തുറന്ന് സിം കടിച്ചുപൊട്ടിച്ച് വലിച്ചെറിഞ്ഞതായും സിജിത്ത് മൊഴി നൽകിയിരുന്നു. ഇരുപതോളം പൊലീസുകാരടങ്ങുന്ന സംഘം കരിയാട് പാലത്തിനടുത്തുനിന്നാണ് സിമ്മിന്റെ ഭാഗം കണ്ടെടുത്തത്. ഇത് സിജിത്തിന്റേത് തന്നെയാണോ എന്നറിയാൻ പരിശോധനക്കായി സൈബ൪ സെല്ലിന് കൈമാറി.
വ്യാഴാഴ്ച അറസ്റ്റിലായ കെ.കെ. കൃഷ്ണന് ഗൂഢാലോചനയിൽ സുപ്രധാന പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളറിയാതെ വടകര മേഖലയിൽ സി.പി.എമ്മിന്റെ ഒരക്രമണവും  നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതിൽ സി.എച്ച്. അശോകനേക്കാൾ പങ്ക് കൃഷ്ണനാണെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.