കോട്ടയം: അധികകൂലി നൽകാത്ത വൈരാഗ്യത്തിൽ മുൻതൊഴിലുടമയെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. ഇളങ്ങുളം വടക്കുംഭാഗം പാലാത്താഴെ തങ്കപ്പനെയാണ് (ഹിപ്പി തങ്കപ്പൻ-56) കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.ശങ്കരനുണ്ണി ശിക്ഷിച്ചത്.ചെങ്ങളം പുൽത്തകിടിയേൽ സാജു മാത്യുവിനെ (44) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.
പിഴ അടച്ചില്ലെങ്കിൽ ഒരുവ൪ഷംകൂടി തടവ് അനുഭവിക്കണം. പിഴ അടക്കുന്ന തുക കൊല്ലപ്പെട്ട സാജുവിന്റെ ആശ്രിത൪ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
പ്രതിയുടെ പ്രവൃത്തി നിഷ്ഠൂരവും പൈശാചികവുമാണെന്ന് കോടതി വിലയിരുത്തി. അപൂ൪വങ്ങളിൽ അപൂ൪വമായ കേസായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെന്ന്കോടതി ചൂണ്ടിക്കാട്ടി.
2006 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം.സാജു തന്റെ ഉടമസ്ഥതയിലുള്ള പന്തമാക്കൽ പുരയിടത്തിൽ രണ്ട് ജോലിക്കാ൪ക്കൊപ്പം കുടംപുളി പറിക്കുന്നതിന് എത്തിയപ്പോഴാണ് കൊലപാതകം. സ്ഥലത്തെത്തിയ തങ്കപ്പൻ സാജുവിനോട് പണം ചോദിച്ചു. നൽകാൻ വിസമ്മതിച്ചതോടെ ഇടതുകൈ കൊണ്ട് സാജുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച പ്രതി ഒളിപ്പിച്ചു വെച്ച കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രണ്ടാമതും കുത്താനാഞ്ഞ പ്രതിയെ ഓടിയെത്തിയ പണിക്കാരാണ് പിന്തിരിപ്പിച്ചത്. തുട൪ന്ന് കത്തിവീശി ഭീഷണിമുഴക്കി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നേരത്തേ സാജുവിന്റെ ടാപ്പിങ് തൊഴിലാളിയായിരുന്നു തങ്കപ്പൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.