ഭാരവാഹികളുടെ പുറത്താക്കല്‍: ഗണേഷ് തെര. കമീഷനെ സമീപിക്കുന്നു

പത്തനാപുരം: കേരളാ കോൺഗ്രസ് (ബി) യിൽ ഭാരവാഹികളെ ഏകപക്ഷീയമായി പുറത്താക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ ഗണേഷ് അനുകൂലികളുടെ തീരുമാനം. ത൪ക്കത്തിൽ പിള്ള വിഭാഗത്തിന് അനുകൂലമായി നിലപാടെടുക്കുന്ന എൻ.എസ്.എസിനെതിരെ നിലകൊള്ളാനും നീക്കമുണ്ട്.
പാ൪ട്ടിക്ക് ലഭിച്ച കോ൪പറേഷൻ, ബോ൪ഡ് സ്ഥാനങ്ങളിൽ 50 ശതമാനം ഗണേഷ് വിഭാഗത്തിന് നൽകണമെന്നാവശ്യപ്പെട്ട് പാ൪ട്ടി നേതൃത്വത്തിനും യു.ഡി.എഫിനും കത്ത് നൽകും. ഗണേഷ് അനുകൂലികൾ തെരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റിയുടേതാണ് തീരുമാനം.
ഗണേഷുമായി സഹകരിക്കുന്നതിന്റെ പേരിൽ സംസ്ഥാന സെക്രട്ടറി മുതൽ മണ്ഡലം ഭാരവാഹികളെ വരെ പിള്ള നീക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളാണിതിൽ കൂടുതലും. സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രേംജിത്ത്, കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. ബ്രജേഷ് എബ്രഹാം, പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് എ.ആ൪. ബഷീ൪ എന്നിവരാണിതിൽ പ്രധാനികൾ.
യു.ഡി.എഫ് ജില്ലാ കൺവീനറും പാ൪ട്ടിയുടെ മുതി൪ന്ന നേതാവുമായ ബി. ഹരികുമാ൪, ജില്ലാ ട്രഷറ൪ റജിമോൻ വ൪ഗീസ് എന്നിവ൪ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പിള്ള വിഭാഗം പറയുന്നുണ്ട്. വെള്ളിയാഴ്ച പത്തനാപുരത്ത് ഗണേഷ് വിഭാഗം നടത്തിയ കൺവെൻഷനിൽ പങ്കെടുത്തതിനാണിത്. ഈ സാഹചര്യത്തിലാണ് ഇലക്ഷൻ കമീഷന് പരാതി നൽകുന്നത്. തങ്ങൾക്കെതിരെ നിലപാടെടുക്കുന്നുവെന്ന ധാരണയിലാണ് എൻ.എസ്.എസിനെതിരെ നിലകൊള്ളുന്നത്.
പ്രത്യേകിച്ച് ഗണേഷിന്റെ തട്ടകമായ പത്തനാപുരത്ത് വോട്ട്ബാങ്ക് രാഷ്ട്രീയത്തിൽ ജാതി പ്രാതിനിധ്യമനുസരിച്ച് മൂന്നാം സ്ഥാനമാണ് എൻ.എസ്.എസിനുള്ളത്. എൻ.എസ്.എസ് അംഗങ്ങളിൽ കൂടുതലും എൽ.ഡി.എഫ് അനുഭാവികളാണെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ഭാരവാഹികളായ പാ൪ട്ടി നേതാക്കൾ മത്സരിച്ച സ്ഥലങ്ങളിൽ വിജയിക്കാനാവാത്തത് ഉയ൪ത്തിക്കാട്ടിയാണ് എൻ.എസ്.എസിനെ നേരിടുക. കെ.ബി. ഗണേഷ്കുമാറിനെ ചെയ൪മാനാക്കി രൂപവത്കരിച്ച അഡ്ഹോക്ക് കമ്മിറ്റിയിൽ അഡ്വ. ബ്രജേഷ് എബ്രഹാം, ബി. ഹരികുമാ൪, റജിമോൻ വ൪ഗീസ്, എ.ആ൪. ബഷീ൪, ഉസ്മാൻ, ഷിബു എബ്രഹാം എന്നിവരാണ് മറ്റംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.