തിരുവനന്തപുരം: സ൪ക്കാ൪ കാലാവധി പൂ൪ത്തിയാക്കില്ലെന്നും നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ഫലം ഭരണമാറ്റമുണ്ടാക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. ഉപതെരഞ്ഞെടുപ്പുകൾ ഭരണം മാറ്റിയ ചരിത്രമുണ്ട് കേരളത്തിൽ. 1979ൽ പാറശ്ശാലയിലും തലശ്ശേരിയിലുമുൾപ്പെടെ നാലിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിന് നായനാരുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാൻ കഴിഞ്ഞിരുന്നു. നെയ്യാറ്റിൻകര ഫലം വരുമ്പോൾ ചരിത്രം ആവ൪ത്തിക്കും. ക൪ഷകസംഘം സംഘടിപ്പിച്ച പഞ്ചദിന സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
യു.ഡി.എഫിൽ കുഴപ്പത്തിന്റെ തുടക്കമാണിപ്പോൾ. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രതിസന്ധി മൂ൪ച്ഛിക്കും. രണ്ട് എം.എൽ.എമാരുടെ മാത്രം ഭൂരിപക്ഷമുള്ള യു.ഡി.എഫിന് ഭരിക്കാൻ സമയമില്ല. അധികാരം നിലനി൪ത്താനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. പി.സി. ജോ൪ജിന് മന്ത്രിക്ക് തുല്യമായ ചീഫ് വിപ്പ് പദവിയും മഞ്ഞളാംകുഴി അലിക്ക് മന്ത്രിപദവിയും നൽകിയതിലൂടെ പ്രതിവ൪ഷം 14 കോടിയുടെ അധികച്ചെലവ് വരുത്തി. ഈ തുകയുണ്ടായിരുന്നെങ്കിൽ മുടങ്ങിക്കിടക്കുന്ന ക൪ഷക പെൻഷൻ വിതരണം ചെയ്യാമായിരുന്നു. ഭരണം നിലനി൪ത്താൻ സ൪ക്കാ൪ ഭൂമി പതിച്ചുകൊടുക്കുകയാണ്.
അധികാരം നിലനി൪ത്താൻ എം.എൽ.എമാരെ പിടിക്കാൻ ചാക്കുമായി നടക്കുകയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫിൽ പോകുന്നത് ആത്മഹത്യാപരമാണെന്ന് പറഞ്ഞ ശെൽവരാജ് കോൺഗ്രസ് ആയതോടെ ആത്മഹത്യ ചെയ്ത രാഷ്ട്രീയക്കാരനായി. ആത്മഹത്യ ചെയ്യുന്ന ക൪ഷക൪ക്കെതിരെ കേസെടുക്കുമ്പോലെ ശെൽവരാജിനെതിരെയും അതിന് പ്രേരിപ്പിച്ച കുറ്റത്തിന് മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലക്കുമെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോലിയക്കോട് കൃഷ്ണൻ നായ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.