മസ്കത്ത്: വിദേശത്തു നിന്ന് തിരിച്ചുവന്ന പ്രവാസികൾക്കായി കേരള സ൪ക്കാ൪ നടപ്പാക്കുന്ന ആദ്യ പുനരധിവാസ പദ്ധതിക്ക് ഈവ൪ഷം സെപ്റ്റംബറിൽ തുടക്കമാകുമെന്ന് 'നോ൪ക്ക' സി.ഇ.ഒ. നോയൽ തോമസ് പറഞ്ഞു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആരംഭിക്കാവുന്ന സംരംഭങ്ങളെ കുറിച്ച് ച൪ച്ച ചെയ്യുന്നതിനും ഗൾഫിൽ നിന്ന് തിരിച്ചെത്തിയവരെ പദ്ധതികളെ കുറിച്ച് ബോധവത്കരിക്കുന്നതിനും സംഘടിപ്പിക്കുന്ന ശിൽപശാല ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോടു പറഞ്ഞു. രാവിലെ പത്ത് മുതൽ ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയത്തിൽ നടക്കുന്ന ശിൽപശാലയിൽ ക്ഷീരവികസന കോ൪പറേഷൻ, സിഡ്കോ, കേരളാ ഫിനാൻഷ്യൽ കോ൪പറേഷൻ, ടെക്നോപാ൪ക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികൾ വിവിധ പദ്ധതികൾ പരിചയപ്പെടുത്തും. ഗൾഫിൽ നിന്ന് തിരിച്ചെത്തിയവരുടെ സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ മുന്നൂറോളം പേ൪ ശിൽപശാലയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷീരവികസന കോ൪പറേഷൻ ചെറുകിട ഡയറി ഫാം പദ്ധതികൾ മുന്നോട്ടുവെക്കുമ്പോൾ ഓരോ ജില്ലയിലും ആരംഭിക്കുന്ന മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആരംഭിക്കാവുന്ന പദ്ധതികളുമായാണ് സിഡ്കോ എത്തുന്നത്. കെ.എഫ്.സി. അവരുടെ സ്വയം സംരംഭക പദ്ധതിയും, ടെക്നോപാ൪ക്ക് 'സ്റ്റാ൪ട്ട് അപ്' എന്ന പേരിൽ ചെറുകിട കമ്പനികൾ ആരംഭിക്കാനുള്ള പദ്ധതിയും പരിചയപ്പെടുത്തും. അലങ്കാര മൽസ്യകൃഷി പോലുള്ള ചെറുകിട പദ്ധതികളും വിശദീകരിക്കും.
പ്രവാസി പുനരധിവാസ പദ്ധതിക്കായി സ൪ക്കാ൪ രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈവ൪ഷം ഗൾഫിൽ നിന്ന് തിരിച്ചെത്തിയ നൂറുപേ൪ക്കെങ്കിലും പദ്ധതിയുടെ ഗുണഫലമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സംരംഭങ്ങൾ തുടങ്ങുന്നതിന് പൊതുമേഖലാ ബാങ്കുകൾ വഴി അഞ്ച് ലക്ഷം മുതൽ 15 ലക്ഷം വരെ വായ്പ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.