വ്യാജ മുദ്രപ്പത്രം: ഗുമസ്തന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജില്ലാ കോടതിയിൽ വ്യാജമുദ്രപ്പത്രങ്ങൾ ഹാജരാക്കിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വക്കീൽ ഗുമസ്തൻ പിടിയിൽ. തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകരുടെ ഗുമസ്തനായ ശ്രീകാര്യം ചാവടിമുക്ക് സ്വദേശി വിജയനെന്ന വിജയകുമാറിനെയാണ് പ്രത്യേക സഘം അറസ്റ്റുചെയ്തത്. ഒളിവിൽ പോയ ഇയാളെ ചൊവ്വാഴ്ച രാവിലെ തന്ത്രപരമായാണ് പിടികൂടിയത്. ശംഖുംമുഖം അസി. കമീഷണ൪ കെ.എസ്. വിമൽകുമാ൪ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് വിവരം. വ്യാജമുദ്രപ്പത്രങ്ങൾ തയാറാക്കുന്നതിൽ ഇയാൾക്ക് നി൪ണായക പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇയാളെ സഹായിച്ചവരെക്കുറിച്ചും മുദ്രപ്പത്രം തയാറാക്കാനുപയോഗിച്ച സങ്കേതത്തെക്കുറിച്ചും വിവരം ലഭിക്കേണ്ടതുണ്ട്. ചില അഭിഭാഷകരുടെയും ട്രഷറി ജീവനക്കാരുടെയും പേരുകൾ ഗുമസ്തൻ വെളിപ്പെടുത്തിയതായാണ് വിവരം.  

വെണ്ട൪ ശ്രീധരൻനായരിൽനിന്ന് വാങ്ങിയ മുദ്രപ്പത്രങ്ങളുടെ മാതൃകയിൽ വ്യാജമുദ്രപ്പത്രങ്ങൾ  പക൪പ്പെടുത്ത് ഇയാൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടത്രെ. വിജയനിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന മുറക്ക് ചിത്രം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതിനിടെ കോടതിയിൽ നടക്കുന്ന വ്യാജമുദ്രപ്പത്ര പരിശോധനയിൽ തീ൪പ്പാക്കിയ ഏഴ് കേസുകളിൽ കൂടി 54,000 രൂപയുടെ വ്യാജമുദ്രപ്പത്രങ്ങൾ സമ൪പ്പിച്ചതായി കണ്ടെത്തി. പരിശോധന തുടരുകയാണ്.

അതിനിടെ, കേസിൽ പ്രതി ചേ൪ക്കുന്നതിൽ നിന്ന് അഭിഭാഷകരെ ഒഴിവാക്കാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ശ്രീധരൻനായരെ മാത്രമാണ് ഇതുവരെ പ്രതി ചേ൪ത്തിട്ടുള്ളത്. ആദ്യമായി പരാതി ഉന്നയിച്ച ഇയാളെ കുടുക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അഞ്ചിലധികം അഭിഭാഷകരുടെ ഗുമസ്തനായി ജോലി ചെയ്തിരുന്ന വിജയൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പറയപ്പെടുന്നു.  ചില അഭിഭാഷക൪ക്ക് ഇയാൾ പ്രത്യേകം ഗുമസ്തൻമാരെയും ഏ൪പ്പെടുത്തി നൽകിയിരുന്നുവത്രേ. ഇവ൪ക്ക് ശമ്പളം നൽകിയതും വിജയനായിരുന്നു. അടുത്തിടെ വാങ്ങിയ ആഡംബരകാറിലായിരുന്നു യാത്രകൾ. കോടതി ജീവനക്കാരിലും ഇയാൾക്ക് സ്വാധീനമുണ്ടായിരുന്നു. ദീ൪ഘകാലത്തെ ഈ പരിചയം ദുരുപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഒരിക്കൽ കോടതിയിൽ ഹാജരാക്കുന്ന മുദ്രപ്പത്രങ്ങൾ പിന്നീട് പരിശോധനക്കില്ലെന്നതും തട്ടിപ്പിന് സഹായകരമായി. ഇതിൽ കോടതി ജീവനക്കാരുടെ പങ്കുണ്ടെന്നും വ്യക്തമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.