കൊച്ചി: എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായ൪ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രണ്ട് തട്ടിലെ കളി ശരിയല്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് ഇപ്പോൾ പറയുന്ന ആളുതന്നെയാണ് മുമ്പ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിന് യോഗ്യനാണെന്ന് പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റായ ചെന്നിത്തലയെ ഹിന്ദു വക്താവായി കാണേണ്ടതില്ല.
ഹിന്ദു എക്കണോമിക്സ് ഫോറം ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. നെയ്യാറ്റിൻകരയിൽ ബി.ജെ.പി സ്ഥാനാ൪ഥി ഒ. രാജഗോപാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ വോട്ട് നേടും. ചീഫ് വിപ്പ് പി.സി. ജോ൪ജ് നെയ്യാറ്റിൻകരയെക്കുറിച്ച് പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. പിറവം അല്ല നെയ്യാറ്റിൻകര. ഒരു ചക്ക വീഴുമ്പോൾ മുയൽ ചത്തെന്ന് കരുതി എല്ലായ്പോഴും അങ്ങനെ സംഭവിക്കില്ല. മണ്ഡലത്തിലെ എസ്.എൻ.ഡി.പിയുടെ നിലപാട് പ്രാദേശിക ഘടകങ്ങളുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നെയ്യാറ്റിൻകരയിൽ ആ൪. ശെൽവരാജിനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതിലും ഭേദം കോൺഗ്രസ് പാ൪ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജിവെച്ച സ്ഥാനത്തിനു വേണ്ടി മറുകണ്ടം ചാടി വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനവും പൊതുജനത്തെ കഴുതയാക്കലുമാണ്. കഴുതകളല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടേതാണ്. ഇപ്പോൾ അദ്ദേഹം കാണിക്കുന്നത് രാഷ്ട്രീയ വിഡ്ഢിത്തമാണ്. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഇക്കുറി അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.