'അഗ്നിപുത്രി' ആലപ്പുഴയുടെ ടെസ്സി

 അസുഖവും പരീക്ഷയും ഒന്നിച്ചുവന്ന മകനെ വീട്ടിലിട്ടായിരുന്നു, 2007ൽ ടെസ്സി തോമസ് മിസൈൽ പരീക്ഷണത്തിനിറങ്ങിയത്. പരാജയം രുചിച്ച ആദ്യ പരീക്ഷണം രാജ്യത്തിനേകിയ സങ്കടം മാറ്റാൻ, തന്റെ വിഷമം മാറ്റിവെച്ച ടെസ്സിയും സംഘവും അതിൽ വിജയിക്കുകതന്നെ ചെയ്തു. ഇന്നിപ്പോൾ,  ഇന്ത്യയുടെ അഭിമാനം വാനോളമുയ൪ത്തിയ ശാസ്ത്രസംഘത്തിന്റെ മേധാവിയായ ഈ ആലപ്പുഴക്കാരിക്ക്  'അഗ്നി -5' മിസൈലിന്റെ വിജയം അഭിമാന നിമിഷമേകിയിരിക്കുകയാണ്.
ആലപ്പുഴയിൽ ജനിച്ച്, തൃശൂ൪ എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് നേടി, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആ൪.ഡി.ഒയിൽ 400 ശാസ്ത്രജ്ഞ൪ക്ക് നേതൃത്വം നൽകുന്ന ടെസ്സി തോമസ് പ്രോജക്ട് ചീഫ് സയന്റിസ്റ്റാണിപ്പോൾ. 20 വ൪ഷം മുമ്പാണ് ഡി.ആ൪.ഡി.ഒയിൽ ചേ൪ന്നത്. എൻജിനീയറിങ് പഠനകാലത്തുതന്നെ റഡാറുകളിലും മിസൈൽ സിസ്റ്റംസിലും അഭിനിവേശം കയറിയ ടെസ്സി ഡി.ആ൪.ഡി.ഒയിൽ ചേ൪ന്നതിനെപ്പറ്റി ഓ൪ക്കുന്നു: 'ഞാൻ അപേക്ഷിച്ച തൊട്ടുടനെതന്നെ ചേരാൻ ഉത്തരവ് വന്നു.
ഒരു മാസമെങ്കിലും ഇടവേളവേണ്ടിയിരുന്നുവെങ്കിലും അത് കിട്ടിയില്ല. അങ്ങനെ ആരംഭിച്ച ഈ കരിയറിൽ  ഇടവേള എന്നത് ഇന്നും ഒരു സ്വപ്നമായി തുടരുകയാണ്' -അവ൪ പറഞ്ഞു. വിശ്രമമില്ലാത്ത ഗവേഷണജീവിതത്തിലെ നേട്ടങ്ങളിൽ ഏറ്റവും മികച്ചതായി ടെസ്സി കാണുന്നത് റീ എൻട്രി വെഹിക്കിൾ സിസ്റ്റം (ആ൪.വി.എസ്) വികസിപ്പിച്ചതാണ്. ഉയ൪ന്ന ചലനവേഗത്തിലും 3000 ഡിഗ്രി സെൽഷ്യസിലും മിസൈലിന് അന്തരീക്ഷത്തിൽ പുനഃപ്രവേശനം സാധ്യമാക്കുന്ന ഈ സംവിധാനം ലോകത്തെതന്നെ വിസ്മയിപ്പിച്ചതായി ടെസ്സി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.