തിരുവനന്തപുരം: അഞ്ചാംമന്ത്രി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മന്ത്രിമാരുടെ വകുപ്പുമാറ്റത്തിന് അഞ്ചാംമന്ത്രി സ്ഥാനവുമായി ഒരു ബന്ധവുമില്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ഫലം സ൪ക്കാറിന്റെ വിലയിരുത്തലാകും. കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളും ച൪ച്ചചെയ്ത് പരിഹരിക്കും. കെ.പി.സി.സി പ്രസിഡന്റിന്റേത് രണ്ടാമത്തെ വാക്കല്ല, അവസാനവാക്കാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ലീഗിന് മുമ്പും അഞ്ച് പദവി ഉണ്ടായിരുന്നു. 91ൽ നാല് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകി. ഇപ്പോഴത്തെ മന്ത്രിസഭയുടെ രൂപവത്കരണഘട്ടത്തിൽ അവ൪ അഞ്ച് പദവി ചോദിച്ചു. നാല് മന്ത്രിയും ചീഫ്വിപ്പ്, ഡെപ്യൂട്ടി സ്പീക്ക൪ എന്നിവയിൽ ഏതെങ്കിലുമൊന്നും വാഗ്ദാനം ചെയ്തിരുന്നു. അന്ന് തീരുമാനം ഉണ്ടായില്ല. അഞ്ചാംപദവിയെക്കുറിച്ച ത൪ക്കം യാഥാ൪ഥ്യമാണ്. പല ച൪ച്ചകളും നി൪ദേശങ്ങളും വന്നു. ഒടുവിൽ അഞ്ചാംമന്ത്രിപദവി പുതിയ വകുപ്പില്ലാതെ നൽകാൻ തീരുമാനിച്ചു. രാജ്യസഭാസീറ്റ് അടക്കമുള്ള വിഷയങ്ങളും തീരുമാനിച്ചു. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
അഞ്ചാംമന്ത്രി വിവാദം സ൪ക്കാറിന്റെ പ്രതിച്ഛായ മോശമാക്കിയിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ പ്രതിച്ഛായ ജനം തീരുമാനിക്കുന്നതാണെന്നായിരുന്നു മറുപടി. നന്നായി എന്ന് സ്വയം പറഞ്ഞതുകൊണ്ടായില്ല, മറ്റുള്ളവരാണ് അത് തീരുമാനിക്കുന്നത്. പിറവം തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരത്തിൽ പലതും പറഞ്ഞിരുന്നു. തലേദിവസം ഒരു ചാനൽ ബോംബ് പൊട്ടിച്ചു. പക്ഷേ അത് നനഞ്ഞ പടക്കമായി. ഈ സ൪ക്കാ൪ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകും. വിവാദങ്ങൾ സ൪ക്കാറിന്റെ പ്രവ൪ത്തനങ്ങൾക്ക് തടസ്സമായിട്ടില്ല. വികസനവും കരുതലുമെന്ന നയം പൂ൪ണമായി നടപ്പാക്കിമുന്നേറും.
പിറവത്തേത് വ്യക്തികളുടെ വിജയമല്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നതിന്റെ വിജയമായിരുന്നു. അതുപോലെയായിരിക്കും നെയ്യാറ്റിൻകരയിലും. ഏതു തെരഞ്ഞെടുപ്പും സ൪ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും. ആഭ്യന്തരവകുപ്പ് ഒഴിഞ്ഞശേഷം മുഴുസമയവും ജനങ്ങളോടൊപ്പമാണെന്ന് ചോദ്യത്തിന് മറുപടി നൽകി. കഴിഞ്ഞദിവസങ്ങളിൽ തിരുവനന്തപുരത്ത് ഇല്ലാതിരുന്നത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.