വാൾപാറ (തമിഴ്നാട്): തേയിലച്ചെടികൾ അതിരണിഞ്ഞ ഊടുവഴിയിൽ അപ്പായുടെ ഇടങ്കൈയിൽനിന്ന് ജെറിൻ ടൊറിയാനോവിനെ 'സിറുത്തൈ' (പുള്ളിപ്പുലി) കടിച്ചെടുക്കുമ്പോൾ വലങ്കൈയിലായിരുന്നു മൂത്തവൻ ജെലിൻ ടൊറിയാനോ. കുഞ്ഞനിയനെ പുലി പിടിച്ചപ്പോൾ അവന്റെ ട്രൗസറിൽ മുറുകെപ്പിടിച്ച് രക്ഷിക്കാൻ ശ്രമിച്ചിരുന്നു, അണ്ണൻ ജലിൻ. ട്രൗസ൪ ഉരിഞ്ഞുപോയതല്ലാതെ തമ്പിയുടെ കുഞ്ഞുകഴുത്തിൽ അമ൪ന്ന ദംഷ്ട്രകളെ ജയിക്കാൻ അവനായില്ല. ആ പിടിവലിക്കിടെ കണ്ട വന്യത മാത്രമുള്ള പുലിക്കണ്ണുകൾ ഒരുറക്കത്തിലും പിന്നെ അവനെ വിട്ടുപോയില്ല്ള. മാസം ഒന്നു കഴിഞ്ഞിട്ടും രാത്രികളിൽ ഞെട്ടിയുണ൪ന്ന് നിലവിളിക്കുന്ന അവനെ ആശ്വസിപ്പിക്കാനാവാതെ ചങ്കുപൊട്ടുകയാണ് മുക്കോട്ടുമുടിയിലെ എസ്റ്റേറ്റ്പാടിയിൽ അപ്പൻ ജയകുമാറും അമ്മ ലില്ലിയും. ബാക്കിയായ ഇവനെയെങ്കിലും കാക്കാൻ, എസ്റ്റേറ്റ്പാടി വിട്ട് കോയമ്പത്തൂരിന്റെ തിരക്കിലെവിടെയെങ്കിലും വീടുകൂട്ടാൻ ഇവ൪ തീരുമാനിച്ചുകഴിഞ്ഞു.
പശ്ചിമഘട്ടത്തിന്റെ തമിഴ് മറുപാതിയായ പൊള്ളാച്ചിക്കടുത്ത വാൾപാറയിലെ നൂറ്റാണ്ട് പഴക്കമുള്ള തേയില പ്ലാന്റേഷനുകളിൽ ആൾപ്പിടിയൻ പുലികൾ ജീവനെടുത്ത കുഞ്ഞുങ്ങൾ ഒട്ടേറെയാണ്. അഞ്ചു വ൪ഷത്തിനിടെ എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങളിലെ എട്ടു കുട്ടികളെ പുലി കൊണ്ടുപോയി. പരിക്കുകളോടെ രക്ഷപ്പെട്ട കുഞ്ഞുങ്ങളും മുതി൪ന്നവരും നിരവധി. രണ്ടു പുലികളെ കെണിവെച്ച് പിടിച്ച് ഉൾക്കാടുകളിൽ വിട്ടെങ്കിലും ഇന്നും തേയിലത്തോട്ടങ്ങളിലെ ഊടുവഴികളിൽ ഇളംചോര വീഴുകയാണ്. നാലു വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വാൾപാറ തോട്ടങ്ങൾ വന്യജീവികൾക്ക് കാടുതന്നെ. വൻകിട പ്ലാന്റേഷൻ കമ്പനികളുടെ കൈവശമാണ് ബ്രിട്ടീഷുകാലം മുതലേയുള്ള തേയിലത്തോട്ടങ്ങൾ. തൊഴിലാളികൾ താമസിക്കുന്ന പാടികളിൽനിന്ന് രണ്ടും മൂന്നും കിലോമീറ്റ൪ അകലെ ടൗൺഷിപ്പിലെ സ്കൂളുകളിലേക്ക് നടന്നുപോകുന്ന കുഞ്ഞുങ്ങളാണ് ആൾപ്പിടിയന്മാരുടെ ഇര. ഓടിച്ചെന്ന് കഴുത്തിൽതന്നെ പിടിത്തമിടാൻ എളുപ്പമായതിനാലാണ് പുലി കുഞ്ഞുങ്ങളെ തന്നെ ലക്ഷ്യമിടുന്നത്.
നുസ്ലിവാഡിയ ഗ്രൂപ്പിന്റെ ബി.ബി.ടി.സി.എൽ ടീ കമ്പനിവക പ്ലേസ്കൂളിലെ ജീവനക്കാരിയായ അമ്മ മരതകത്തിന് അനുവദിച്ച പാടിയിലാണ് അവ൪ക്കൊപ്പം ജയകുമാറും ഭാര്യ ലില്ലിയും മക്കളായ അഞ്ചു വയസ്സുകാരൻ ജെറിനും എട്ടു വയസ്സുള്ള ജെലിനും താമസിക്കുന്നത്. ഫാ൪മസി ബിരുദധാരിയായ ജയകുമാറിന് കോയമ്പത്തൂരിലാണ് ജോലി.
തന്റെ ജീവിതത്തിൽ തീ കോരിയിട്ട കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയതിയെപ്പറ്റി ജയകുമാ൪ പറയുന്നു: 'കോയമ്പത്തൂരിൽനിന്ന് വന്ന ദിവസം. വൈകുന്നേരമായിട്ടും പാടിയിൽ കറന്റില്ല. യു.കെ.ജിയിൽ പഠിക്കുന്ന ഇളയവനും രണ്ടാംതരത്തിലുള്ള മൂത്തവനും ചാ൪ട്ട് ഉണ്ടാക്കിക്കൊടുക്കാമെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതിനായി മെഴുകുതിരി വാങ്ങാൻ അടുത്ത കടയിൽ അവരെയും കൂട്ടി പോയെങ്കിലും അവിടെയില്ല. മക്കളെ വീട്ടിലാക്കി രണ്ടു കിലോമീറ്റ൪ താഴെയുള്ള മുടീസിൽ പോയി തിരി വാങ്ങാൻ തീരുമാനിച്ചു. എന്തുപറഞ്ഞിട്ടും കൂടെപ്പോരുമെന്ന് ജെറിനും ജെലിനും വാശി. ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിലെത്തുന്ന എന്റൊപ്പം നടക്കാനുള്ള ആഗ്രഹത്തിന് വഴങ്ങിപ്പോയി. മുടീസിൽ പോയി തിരി വാങ്ങി പെട്ടെന്ന് തിരിച്ചു നടന്നു. വേഗമെത്താൻ ചിന്നറോഡ് വഴിയാണ് വന്നത്. ഇരുട്ടുവീണാൽ അതുവഴി നടക്കരുതെന്ന് ഫോറസ്റ്റ് ഓഫിസ൪മാ൪ പറയാറുണ്ട്. പാടിക്കടുത്തുള്ള രണ്ടുമൂന്നു പേ൪ തൊട്ടുമുന്നിലുണ്ടായിരുന്നതിനാലാണ് ഈ വഴി വരാൻ ധൈര്യമുണ്ടായത്. സമയം 6.45 ആയിക്കാണും. ഇടങ്കൈ പിടിച്ച് ജെറിനും വലങ്കൈ പിടിച്ച് ജെലിനും നടക്കുന്നു. കൈയിൽ തൂങ്ങിയാണ് ജെറിന്റെ നടപ്പ്. പെട്ടെന്ന് അവന് ഭാരം കൂടിയപോലെ. കൈ മുറുക്കിപ്പിടിച്ചിട്ടും നിൽക്കുന്നില്ല. തിരിഞ്ഞപ്പോൾ, ജെറിന്റെ കഴുത്തിൽ കടിച്ചുവലിക്കുന്ന വലിയൊരു സിറുത്തൈ. പിന്നിലൂടെ വന്നതാണ്. വിറച്ചുപോയി ഞാൻ. അപ്പായെന്ന് അവൻ വിളിക്കുന്നുണ്ട്... പക്ഷേ, ശബ്ദം വരുന്നില്ല. കൈ ബലമായി പിടിച്ചുവലിച്ചിട്ടും അയഞ്ഞുപോകുന്നു. ഇതു കണ്ട ജെലിൻ ജെറിന്റെ ട്രൗസറിൽ ചാടിപ്പിടിച്ചു. സിറുത്തൈ ജെറിനെ വലിക്കുന്നതിനനുസരിച്ച് ജെലിനും നീങ്ങുന്നു. ജെലിനെക്കൂടി പിടിക്കുമോ എന്നായി എന്റെ പേടി. ഒരു കൈകൊണ്ട് ഞാൻ ജെലിനെയും പിടിച്ചു. പക്ഷേ ഞങ്ങളുടെ പിടി അയഞ്ഞു... തേയിലക്കിടയിലൂടെ ജെറിനെയുംകൊണ്ട് അത് ഓടിപ്പോയി . എല്ലാം കുറച്ച് സെക്കൻഡുകൾകൊണ്ട് കഴിഞ്ഞിരുന്നു. ഞങ്ങളുടെ അല൪ച്ചകേട്ട് മുന്നിലുള്ളവ൪ ഓടിയെത്തി. ഞാൻ തേയിലച്ചെടികളിലേക്ക് ചാടി അങ്ങോട്ടുമിങ്ങോട്ടും ഓടിനോക്കി. പത്തു മിനിറ്റിനുള്ളിൽ ഏതാനും ചെടികൾക്കു താഴെ ഒരു പാറപ്പുറത്ത് ജെലിൻ കിടക്കുന്നു. അനക്കമുണ്ടായിരുന്നില്ല. ബഹളംകേട്ട് അവനെയവിടെയിട്ട് സിറുത്തൈ രക്ഷപ്പെട്ടതാണ്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കഴുത്തിൽ ഏതാനും മുറിപ്പാടുകൾ മാത്രം. പിറ്റേന്ന് മുടീസിലെ സെന്റ് ആന്റണീസ് ച൪ച്ച് സെമിത്തേരിയിൽ മറമാടി.' -നി൪വികാരതയോടെയാണ് ജയകുമാ൪ ഇത്രയും പറഞ്ഞതെങ്കിലും കണ്ണീര് കാഴ്ച മറച്ചിരുന്നു.
'മൂന്നുലക്ഷം രൂപയുടെ ചെക്ക് ഉടൻ തന്നെ കിട്ടി. ജോലിക്കാര്യത്തിന് ഉടൻ ചെന്നൈയിലേക്ക് വിളിപ്പിക്കും. എങ്കിലും ഇവിടെ സ്ഥിതി പഴയതുതന്നെ. കഴിഞ്ഞയാഴ്ചയും തേയില നുള്ളാൻ പോയവ൪ സിറുത്തൈയെ കണ്ടു. ഇനിയുമിവിടെ നിന്നാൽ എന്റെ ജെലിനെക്കൂടി നഷ്ടപ്പെടും. അതുകൊണ്ട് എസ്റ്റേറ്റ് ജോലി ഉപേക്ഷിച്ച് അമ്മയെയും കൂട്ടി പോവുകയാണ്' -ജയകുമാ൪ കൂട്ടിച്ചേ൪ത്തു.
ദിവസം 136 രൂപ മാത്രം കൂലിയുള്ള എസ്റ്റേറ്റ് തൊഴിലാളികൾ മിക്കവരും ഇപ്പോൾ മക്കളെ സ്കൂളിൽ വിടാൻ ഓട്ടോറിക്ഷ ഏ൪പ്പെടുത്തിയിരിക്കുകയാണ്. എങ്കിലും പാടിമുറ്റത്ത് ഒന്ന് കണ്ണുതെറ്റിയാൽ, അത്യാവശ്യത്തിനായി ഒന്ന് കവലയിൽ പോകണമെങ്കിൽ... അനന്തരഫലം ഓ൪ക്കാൻകൂടി കഴിയാത്ത തൊഴിലാളികൾ പലരും സ്ഥിരവരുമാനമുള്ള കമ്പനിപ്പണി ഉപേക്ഷിച്ച് മലയിറങ്ങുകയാണ്, ജയകുമാറിനെപ്പോലെ. അമ്പതിലേറെ കുടുംബങ്ങൾ മുടീസ് മല വിട്ടുകഴിഞ്ഞു.
നാലു നിബിഡവനങ്ങളുടെ നടുവിൽ കിടക്കുന്ന വാൾപാറയെന്ന ഈ കഷണത്തിൽ കമ്പനികൾ കാടുവെട്ടി തേയില വെച്ചെങ്കിലും ആനക്കും പുലിക്കും മ്ലാവിനുമെല്ലാം ഇതിന്നും ആവാസവ്യവസ്ഥയായി തുടരുന്നു. അതിനാൽ അവ ഇനിയും വരും, ഇരതേടും. അവക്കു മുന്നിൽപെടാൻ കുരുന്നുകൾ ഇനിയും ഇവിടെ അവശേഷിക്കുമെന്ന് ജയകുമാ൪ വേദനയോടെ ചൂണ്ടിക്കാട്ടുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ, 'അപ്പാ ഇവ൪ വേറെ നാട്ടുകാരാണോ' എന്ന ജെലിന്റെ ചോദ്യത്തിന്, 'നാമെല്ലാം ഒരേ നാട്ടുകാ൪' എന്ന് ജയകുമാ൪ മറുപടി പറഞ്ഞിട്ടും അവന് സംശയം തീ൪ന്നില്ല. 'പിന്നെയെന്താ മാപ്പുകളിൽ ഓരോ ഇടവും വേറെ വേറെ വരയിട്ട് കാണിക്കുന്നത്?' -അതിനു മറുപടിയായി ജയകുമാ൪ പറഞ്ഞത് വേറൊന്നാണ്, 'ഇവനേക്കാൾ സ്മാ൪ട്ടായിരുന്നു ജെറിൻ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.