ബംഗളൂരു: സംസ്ഥാനത്തെ അനധികൃത ഖനനം സംബന്ധിച്ച് അന്വേഷിച്ച സുപ്രീംകോടതി ഉന്നതാധികാര സമിതി റിപ്പോ൪ട്ട് സമ൪പ്പിച്ചത് മുഖ്യമന്ത്രി പദത്തിൽ ഉടൻ തിരിച്ചെത്താമെന്ന ബി.എസ്. യെദിയൂരപ്പയുടെ മോഹത്തിന് തിരിച്ചടി. അനധികൃത ഖനനം വഴി യെദിയൂരപ്പയും കുടുംബാംഗങ്ങളും നേട്ടമുണ്ടാക്കിയെന്ന് റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യെദിയൂരപ്പക്കെതിരെ അന്വേഷണം വേണമെന്ന് റിപ്പോ൪ട്ടിൽ ശിപാ൪ശയുമുണ്ട്. പ്രവീൺ ചന്ദ്ര എന്ന വ്യവസായിക്ക് ചിത്രദു൪ഗ ജില്ലയിൽ 100 ഏക്ക൪ വനഭൂമിയിൽ ഖനനം നടത്താൻ ലൈസൻസ് അനുവദിച്ചതുവഴി യെദിയൂരപ്പയും കുടുംബാംഗങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോ൪ട്ടിൽ പറയുന്നത്. ലൈസൻസ് അനുവദിച്ചതിന് യെദിയൂരപ്പയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഭഗത് ഹോംസ്, ദാവലഗിരി ഡെവലപേഴ്സ് എന്നിവക്ക് പ്രവീൺ ചന്ദ്ര ആറ് കോടി നൽകിയതായി റിപ്പോ൪ട്ടിൽ പറയുന്നു.
സമിതി റിപ്പോ൪ട്ട് സമ൪പ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി യെദിയൂരപ്പ നടത്തിയ നീക്കങ്ങൾ വിഫലമാകുന്നതായാണ് സൂചന. മാ൪ച്ച് 18 മുതൽ നടത്തിയ വിമതനീക്കത്തിലൂടെ കേന്ദ്ര നേതൃത്വത്തിൽനിന്ന് മുഖ്യമന്ത്രി പദം സംബന്ധിച്ച് നേടിയെടുത്ത ഉറപ്പും പുതിയ സാഹചര്യത്തിൽ നടപ്പാകാൻ സാധ്യതയില്ല. യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ലോകായുക്തയുടെ ഖനന റിപ്പോ൪ട്ടിലെ എഫ്.ഐ.ആ൪ കഴിഞ്ഞമാസം ഹൈകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.