ജയയെ ദ്രോഹിച്ചവരുമായി ബന്ധം ഉപേക്ഷിച്ചു -ശശികല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ദ്രോഹിച്ചവരുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് ശശികല. ‘അക്ക’യുടെ (ജ്യേഷ്ഠത്തി) അനുജത്തിയായി പോയസ് ഗാ൪ഡനിലെ വസതിയിൽ കഴിയാനാണ് ആഗ്രഹമെന്നും ബുധനാഴ്ച പുറത്തിറക്കിയ വാ൪ത്താക്കുറിപ്പിൽ മുൻ ‘ഉറ്റതോഴി’ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ എ.ഐ.എ.ഡി.എം.കെയുടെ പ്രാഥമികാംഗത്വത്തിൽനിന്നും ജയയുടെ വീട്ടിൽനിന്നും പുറത്താക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ശശികല പരസ്യമായ അഭിപ്രായപ്രകടനം നടത്തുന്നത്.

ജയലളിതക്കെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് ശശികല, ഭ൪ത്താവ് എം. നടരാജൻ എന്നിവരും ബന്ധുക്കളുമുൾപ്പെടെ 12 പേരെയാണ് പുറത്താക്കിയത്. ഭൂമിതട്ടിപ്പു കേസിൽ നടരാജൻ ഇപ്പോൾ ജയിലിലാണ്.1984ൽ ആദ്യം കണ്ടതുമുതൽ ജയലളിത തന്നെ സഹോദരിയായി അംഗീകരിച്ചുവെന്ന് ശശികല പറഞ്ഞു. 1988 മുതൽ പോയസ് ഗാ൪ഡനിലെ വസതിയിൽ ജയലളിതക്കൊപ്പം താമസിച്ചുവന്നു. ചില ബന്ധുക്കളും സുഹൃത്തുക്കളും തൻെറ പേര് ദുരുപയോഗപ്പെടുത്തുകയായിരുന്നു.   ഇത്തരം ആളുകളുമായുള്ള ബന്ധം മുറിച്ചുകളഞ്ഞു. ഇനിയുള്ള കാലവും കഴിയുന്ന സഹായങ്ങൾ ചെയ്ത് അവരോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നത് -വാ൪ത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം, ബംഗളൂരു കോടതിയിലെ അനധികൃത സ്വത്തു കേസിൻെറ പശ്ചാത്തലത്തിൽ ശശികലയെയും കൂട്ടരെയും ജയലളിത പുറത്താക്കിയത് നാടകമാണെന്ന് നേരത്തേ ആരോപണമുയ൪ന്നിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.