ന്യൂദൽഹി: ദൽഹിയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ കൊല്ലം അഞ്ചൽ സ്വദേശിയായ യുവാവിനെ ദൽഹി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തട്ടേക്കാട് സ്വദേശിനി മേരി മാത്യു (28) കൊലക്കേസിൽ ഷിനോ വ൪ഗീസാണ് (28) പിടിയിലായത്.
ഗുഡ്ഗാവിൽ ട്രാവൽ ഏജൻസി ജീവനക്കാരനാണ് ഷിനോ വ൪ഗീസ്. പങ്കജ്രാജ് എന്നയാളെ കല്യാണം കഴിച്ച് ഏതാനും വ൪ഷങ്ങളായി ദൽഹിയിൽ താമസിക്കുകയായിരുന്നു മേരി മാത്യു. ദൽഹി രാജേന്ദ്രനഗറിൽ ആയു൪വേദ ചികിത്സാ കേന്ദ്രം നടത്തിവന്ന മേരിമാത്യുവിനെ മാ൪ച്ച് ഒമ്പതിന് ചികിത്സാകേന്ദ്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവ൪ ഉപയോഗിച്ച രണ്ടു മൊബൈൽ ഫോണുകളിലൊന്നും ലാപ്ടോപ്പും കൊലയാളി കൊണ്ടുപോയിരുന്നു. കാണാതായ മൊബൈൽ നമ്പ൪ പിന്തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവം നടന്ന ദിവസം ഷിനോ വ൪ഗീസ് മേരി മാത്യുവിൻെറ മൊബൈലിലേക്ക് പലതവണ വിളിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുട൪ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചെന്ന് അഡീഷനൽ പൊലീസ് കമീഷണ൪ ഡി.സി. ശ്രീവാസ്തവ പറഞ്ഞു. ഇൻറ൪നെറ്റിലെ പരസ്യംകണ്ട് ആയു൪വേദ ചികിത്സക്ക് പോയപ്പോൾ മേരിമാത്യു കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും പണം നൽകുന്നതിനെച്ചൊല്ലിയുള്ള പിടിവലിക്കിടെ കൊല്ലപ്പെട്ടുവെന്നുമാണ് പ്രതി നൽകിയ മൊഴി. മേരി മാത്യുവിൻെറ കാണാതായ ഫോൺ, ലാപ്ടോപ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.