തൊടുപുഴ: മൂന്നാറിൽ കൈയേറ്റ ഭൂമിയിലെന്ന് കണ്ടെത്തിയ ഏഴ് പ്രമുഖ റിസോ൪ട്ടുകൾക്കെതിരെ നടപടിയില്ല. റിസോ൪ട്ടുകൾ ഉൾപ്പടെ 15 വൻകിട കൈയേറ്റങ്ങൾ ദിവസങ്ങൾക്കകം ഒഴിപ്പിക്കുമെന്ന് ഫെബ്രുവരി 11 ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നടത്തിയ പ്രഖ്യാപനവും പാഴ്വാക്കായി.
മന്ത്രിയുടെ പ്രഖ്യാപനം വേണ്ടപ്പെട്ടവരുടെ കൈയേറ്റങ്ങൾ രക്ഷിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു എന്നാണ് ആക്ഷേപം. മൂന്നാറിൽ പുതിയ ഏഴ് വൻ കൈയേറ്റങ്ങൾ കണ്ടെത്തിയെന്നും 15 ദിവസത്തിനകം സ്വയം ഒഴിഞ്ഞില്ലെങ്കിൽ നിയമ നടപടിയിലൂടെ ഏറ്റെടുക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.
റിസോ൪ട്ടുകൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താതെയായിരുന്നു പ്രഖ്യാപനം. എല്ലാ പഴുതും അടച്ച് ഏറ്റെടുക്കാനാണ് വിവരം രഹസ്യമായി വെക്കുന്നതെന്നും മന്ത്രി സൂചന നൽകി.
ഏഴ് വൻകിട റിസോ൪ട്ടുകൾ ഒഴിപ്പിക്കൽ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം. ഇവ ഏതൊക്കെയെന്നത് പുറത്ത് പോകരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകിയിരുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തെത്തുട൪ന്ന് പട്ടികയിൽ ഉൾപ്പെട്ട പ്രമുഖ൪ക്ക് ഹൈകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാൻ അവസരമൊരുങ്ങി. ഒട്ടേറെ കൈയേറ്റങ്ങൾക്കെതിരെ നടപടി പുരോഗമിക്കെ ഏഴ് റിസോ൪ട്ടുകളുടെ പട്ടിക പ്രത്യേകമായി തയാറാക്കി ഉടൻ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതും എന്നാൽ അതുണ്ടാകാത്തതും ദുരൂഹമാണ്. ബന്ധമില്ലാതിരുന്നിട്ടും പിറവം ഉപതെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ആദ്യം പിന്നാക്കം പോയത്. ഇതിനുശേഷവും നടപടിയുണ്ടാകാത്തതിന് വ്യക്തമായ മറുപടിയില്ല. അതേസമയം, ക൪ശനമായ ഒഴിപ്പിക്കൽ പട്ടിക തയാറാക്കിയിരുന്നില്ലെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥ൪ പറയുന്നത്. മൂന്നാ൪ പോതമേട്ടിലെ ഹോളിഹോക്ക്, പള്ളിവാസലിലെ ബ്ളൂഹേസ് അടക്കം ഒഴിപ്പിക്കൽ പട്ടികയിലുണ്ടായിരുന്ന റിസോ൪ട്ടുകൾ കോടതിയിൽ നിന്ന് സംരക്ഷണം നേടിയിരിക്കുകയാണിപ്പോൾ. ചിന്നക്കനാൽ മേഖലയിലാണ് സ൪ക്കാ൪ ‘രക്ഷപ്പെടുത്തിയ’ മറ്റ് റിസോ൪ട്ടുകൾ എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.