ന്യൂദൽഹി: രാജ്യസഭയിലേക്ക് ഒഴിവു വരുന്ന സീറ്റുകളിലെ സ്ഥാനാ൪ഥി നി൪ണയം ബി.ജെ.പിയിൽ കലാപത്തിന് വഴിവെച്ചു. മുതി൪ന്ന പാ൪ട്ടി നേതാവും മുൻമന്ത്രിയുമായ യശ്വന്ത് സിൻഹ രാജി ഭീഷണി മുഴക്കി. സുഷമാ സ്വരാജും അരുൺ ജെയ്റ്റ്ലിയുമായുള്ള പോരിനിടയിൽ സുഷമയുടെ വിശ്വസ്തൻ എസ്.എസ്. അഹ്ലുവാലിയക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടു.
ക൪ണാടകത്തിലെ പാ൪ട്ടി പ്രതിസന്ധി ഉറക്കം കെടുത്തുന്നതിനിടയിലാണ് രാജ്യസഭാ സീറ്റിൻെറ പേരിലുള്ള കലാപം. സ്വന്തം നാടായ ഝാ൪ഖണ്ഡിൽ നിന്ന് പാ൪ട്ടിസ്ഥാനാ൪ഥിയെ നി൪ത്താതെ സ്വതന്ത്രനായ അൻഷുമാൻ മിശ്രയെ പിന്തുണക്കാനുള്ള തീരുമാനമാണ് സിൻഹയെ പ്രകോപിപ്പിച്ചത്. ദേശീയ പ്രസിഡൻറ് നിതിൻ ഗഡ്കരിയുടെ താൽപര്യ പ്രകാരം എടുത്ത തീരുമാനത്തിനെതിരെ സിൻഹക്കൊപ്പം മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയും രംഗത്തുണ്ട്. അ൪ഹരായ പാ൪ട്ടിക്കാ൪ക്ക് സീറ്റു നൽകാതെ പുറത്തുള്ളവ൪ക്ക് ‘ലേലം ചെയ്യുന്ന’തിനെതിരെ ബി.ജെ.പി പാ൪ലമെൻററി പാ൪ട്ടി യോഗത്തിൽ സിൻഹ ആഞ്ഞടിച്ചു.
കളങ്കിതരെ രാജ്യസഭയിലെത്തിച്ചാൽ ഒന്നിച്ചു പ്രവ൪ത്തിക്കാൻ പ്രയാസമാണെന്ന് സിൻഹ പറഞ്ഞു. ഏറ്റവും കൂടുതൽ മുടക്കുന്നയാൾക്ക് ലേലം ചെയ്തു കൊടുക്കുന്ന മട്ടിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എമാരെ വിഷമത്തിലാക്കരുത്. വിഷയം ഗഡ്കരിയുമായി സംസാരിക്കാമെന്ന് അദ്വാനി, സിൻഹക്ക് ഉറപ്പു നൽകി.
ഈ മാസം 30ന് നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാ൪ഥി നി൪ണയം മുന്നണി ബന്ധങ്ങളെയും ബാധിച്ചു. ബിഹാറിൽ ബി.ജെ.പി-ജനതാദൾ (യു) സഖ്യത്തിന് വിജയിപ്പിക്കാൻ കഴിയുന്ന ആറു സീറ്റിൽ മൂന്നെണ്ണം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം നടന്നില്ല. രണ്ടെണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യു.പി.എയിലും പ്രശ്നങ്ങളുണ്ട്. തൃണമൂൽ കോൺഗ്രസിൻെറ പിന്തുണ കിട്ടില്ലെന്ന് ഉറപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് സ്വന്തം സ്ഥാനാ൪ഥി അബ്ദുൽ മന്നാനെ പശ്ചിമ ബംഗാളിൽ നി൪ത്തിയിരിക്കുന്നത്. റെയിൽവേ മന്ത്രി മുകുൾ റോയിക്ക് പുറമെ തൃണമൂലിൻെറ സീറ്റിൽ മൂന്നു പത്രപ്രവ൪ത്തകരാണ് രാജ്യസഭയിൽ എത്തുന്നത്.
രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻഖാൻ-ക൪ണാടക, പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി -ഗുജറാത്ത്, മുൻ ഉപാധ്യക്ഷ നജ്മ ഹിബത്തുല്ല -മധ്യപ്രദേശ്, കോൺഗ്രസ് വക്താവ് രേണുകാ ചൗധരി -ആന്ധ്രാപ്രദേശ്, സിനിമാ താരം ചിരഞ്ജീവി തുടങ്ങിയവ൪ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ഇതിനിടെ ഉറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.