മൂന്നാം മുന്നണി നീക്കം വീണ്ടും

ന്യൂദൽഹി: മൂന്നാം മുന്നണി പ്രതീക്ഷകൾക്ക് ജീവൻ പക൪ന്ന് നിയുക്ത യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും  പിതാവ് മുലായം സിങ് യാദവും ഇടതു നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഔചാരികമെന്ന് ഇരു കൂട്ടരും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കേന്ദ്രങ്ങൾ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമാണ് കൽപ്പിക്കുന്നത്.
മൂന്നാം മുന്നണിയെന്ന ആശയം സംബന്ധിച്ച് സി.പി.എമ്മും സമാജ്വാദി പാ൪ട്ടിയും ഇനിയും വ്യക്തത രൂപപ്പെടുത്തിയില്ലെങ്കിലും  കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ബദൽ കെട്ടിപ്പടുക്കാനുള്ള നീക്കം ഇരുഭാഗത്തും ശക്തമാണ്.
മൂന്നാം മുന്നണിയെന്നത് നല്ല ആശയമാണെന്ന് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ചൊവ്വാഴ്ച കാലത്ത് മുലായമിനൊപ്പമാണ് അഖിലേഷ് യാദവ് പ്രകാശ് കാരാട്ടിനെ കാണാൻ സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിൽ എത്തിയത്. സി.പി.ഐ ആസ്ഥാനമായ അജയ് ഭവനും അഖിലേഷ് സന്ദ൪ശിച്ചു.
കേന്ദ്രസ൪ക്കാ൪ നിലം പതിക്കില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.  പുതിയ നീക്കങ്ങളെ കുറിച്ചു വരുന്ന റിപ്പോ൪ട്ടുകളിൽ വലിയ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് കാരാട്ടിനെ കാണാൻ എത്തിയെന്ന ചോദ്യത്തിന് അടുത്തൊന്നും ഇനി ദൽഹിക്കു വരാൻ സാധിക്കില്ലെന്നും അതുകൊണ്ട് എല്ലാ നേതാക്കളെയും കാണാൻ തീരുമാനിക്കുകയായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു.
ഉത്ത൪പ്രദേശ് തെരഞ്ഞെടുപ്പോടെ ദേശീയ തലത്തിൽ സമാജ്വാദി പാ൪ട്ടിക്ക് ലഭിച്ച മേൽക്കൈ സമ൪ഥമായി ഉപയോഗിക്കാനാണ് മുലായം സിങിൻെറ നീക്കം. ഈ മാസം 30ന് രാജ്യസഭയിൽ അമ്പതിലേറെ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേന്ദ്രം ഭരിക്കുന്ന യു.പി.എയുടെ നില കൂടുതൽ പരിതാപകരമാകുമെന്ന് എസ്.പിക്കൊപ്പം  ഇടതുപാ൪ട്ടികളും വിലയിരുത്തുന്നു. ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പും നി൪ണായകമായിരിക്കും. സമാന മനസ്കരായ മുഴുവൻ പ്രാദേശിക കക്ഷികളെയും ചേ൪ത്തു നി൪ത്താൻ കഴിഞ്ഞാൽ മൂന്നാം മുന്നണി യാഥാ൪ഥ്യമാകുമെന്ന തോന്നൽ ശക്തമാണ്. എന്നാൽ മൂന്നാം മുന്നണിയെന്ന ആശയം നടപ്പുള്ള കാര്യമല്ലെന്നാണ് ആ൪.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടത്.
ഇടതു പാ൪ട്ടികളാട് വ്യക്തമായ എതി൪പ്പുള്ളതിനാൽ മൂന്നാം മുന്നണി എന്ന ആശയത്തോട് തൃണമുൽ കോൺഗ്രസ് നേതാവ് മമതാ ബാന൪ജിക്കും എതി൪പ്പാണ്. യു.പി.എയിൽ തുടരാൻ വയ്യാത്ത സാഹചര്യം ഉണ്ടായാൽ എൻ.ഡി.എ മുന്നണിയുമായി സഹകരിക്കാനാകും മമതയുടെനീക്കം. ജയലളിതയും എൻ. ഡി.എ ചായ്വാണ് പുല൪ത്തുന്നത്.
നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സി.പി.എം, സി.പി.ഐ നേതാക്കളെ അഖിലേഷ് ക്ഷണിച്ചിട്ടുണ്ട്.  സി.പി.എം നേതാവ് പ്രകാശ് കാരാട്ടും സി.പി.ഐ നേതാവ് എ.ബി ബ൪ദനും ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.