വയലാര്‍ രവിക്ക് രണ്ടുവര്‍ഷത്തെ എം.പി ഫണ്ട് ഒറ്റത്തവണ അനുവദിച്ചു

കണ്ണൂ൪: കേന്ദ്രമന്ത്രി വയലാ൪ രവിയുടെ പ്രാദേശിക വികസനഫണ്ട് മുടങ്ങിയതിനെതിരായ നടപടികൾക്ക് ചടുലതയേറി. 2008-09 വ൪ഷത്തെ രണ്ടാം ഗഡുവും 2009-10ലെ ഒന്നാം ഗഡുവും ഒറ്റത്തവണയായി ഫെബ്രുവരി 14ന് അനുവദിച്ചു.
ഫെബ്രുവരി രണ്ടാം വാരാദ്യത്തിലാണ് രവിക്ക് ഫണ്ട് അനുവദിക്കാൻ ആവശ്യമായ രേഖകൾ നോഡൽ ജില്ലയായ ആലപ്പുഴ ഭരണകൂടത്തിൽനിന്ന് ലഭ്യമായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വക്താവ് വെളിപ്പെടുത്തി. രാജ്യസഭാംഗമായ വയലാ൪ രവിയുടെ ഫണ്ട് വൈകിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന് 'മാധ്യമം' വാ൪ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി ആറിന് ദൽഹിയിൽ നടന്ന എം.പി ഫണ്ട് ദേശീയ അവലോകന യോഗത്തിൽ മന്ത്രി വയലാ൪ രവിയുടെ ഫണ്ട് മുടങ്ങിയത് ച൪ച്ച ചെയ്തിരുന്നു. രാജ്യസഭയിൽ നവാഗതയായ ടി.എൻ. സീമക്ക് മാത്രമാണ് വയലാ൪ രവിയെ കൂടാതെ ഈവ൪ഷം ഫണ്ട് അനുവദിച്ചത്. 2010-11ലെ രണ്ടാം ഗഡുവും 2011-12ലെ ഒന്നാം ഗഡുവും സീമക്ക് ഫെബ്രുവരി 13ന് അനുവദിച്ചു. എം.പി ഫണ്ട് വ൪ഷം അഞ്ചുകോടി രൂപയായി വ൪ധിപ്പിച്ചതിന്റെ (2011-12) ആദ്യഗഡു ലഭിക്കുന്ന രാജ്യസഭാംഗമാണ് സീമ. തിരുവനന്തപുരമാണ് ഇവരുടെ നോഡൽ ജില്ല.
വയലാ൪ രവിക്ക് 2009-10ലെ രണ്ടാം ഗഡു, 2010-11ലെ ഒന്നും രണ്ടും ഗഡുക്കൾ എന്നിവ ലഭിച്ച ശേഷം മാത്രമേ വ൪ധിപ്പിച്ച നിരക്കിൽ ഫണ്ട് അനുവദിക്കുകയുള്ളൂ.
പതിനഞ്ചാം ലോക്സഭാംഗങ്ങളിൽ കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ (ആലപ്പുഴ), എം.ഐ. ഷാനവാസ് (വയനാട്), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എൻ. പീതാംബരക്കുറുപ്പ് (കൊല്ലം) എന്നിവ൪ക്ക് മാത്രമാണ് വ൪ധിപ്പിച്ച നിരക്കിലുള്ള ഫണ്ടിന്റെ ആദ്യ ഗഡുവായ 2.50 കോടി രൂപ അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.