ഗള്‍ഫിലേക്കുള്ള ലഗേജില്‍ കഞ്ചാവ്; യുവാവ് അറസ്റ്റില്‍

പയ്യന്നൂ൪: ഗൾഫിലെത്തിക്കാൻ കൈമാറിയ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ ഷബീറലി മൻസിലിൽ മുഹ്സിനെ (23)യാണ് പയ്യന്നൂ൪ പൊലീസ് അറസ്റ്റുചെയ്തത്. അനധികൃതമായി കഞ്ചാവ് കൈവശംവെക്കുകയും അത് കൈമാറാൻ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
ഗൾഫിലേക്ക് പോകുന്ന പെരുമ്പയിലെ അബ്ദുൽ അസീസിന്റെ കൈവശമാണ് നിഹാൽ എന്നയാൾക്ക് കൊടുക്കാനെന്നു പറഞ്ഞ് ലഗേജ് കൈമാറിയത്. എന്നാൽ, ലഗേജിന് ഭാരം കൂടുതലായതിനാൽ അസീസ് കൊണ്ടുപോയില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അസീസ് അറിയിച്ചതായും പറയുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിൽ സൂക്ഷിച്ച ലഗേജ് എടുക്കാൻ ആരുമെത്താത്തതിനാൽ തുറന്നുനോക്കിയപ്പോഴാണ് വസ്ത്രങ്ങൾക്കടിയിൽ കഞ്ചാവ് കണ്ടെത്തിയത്. വീട്ടുകാ൪ ഇത് പൊലീസിനു കൈമാറി.
ലഗേജ് തിരിച്ചെടുക്കാൻ പിടിയിലായ മുഹ്സിൻ തിങ്കളാഴ്ച പെരുമ്പയിലെ വീട്ടിലെത്തി. ഉടൻ വീട്ടുകാ൪ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ, ഉച്ചക്കുശേഷം ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നു പറഞ്ഞ് പൊലീസ് വിട്ടയച്ചത് വിവാദമായിരുന്നു. വിട്ടയച്ച മുഹ്സിൻ ബൈക്കെടുക്കാൻ വീണ്ടും പെരുമ്പയിലെത്തിയപ്പോൾ നാട്ടുകാ൪ തടഞ്ഞുവെച്ചു. നമ്പറില്ലാത്ത ബൈക്കിലാണ് ഇയാൾ പെരുമ്പയിലെത്തിയത്.
ഇതും ദുരൂഹതക്ക് കാരണമായി. നാട്ടുകാ൪ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ പൊലീസെത്തി വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചതായി സൂചനയുണ്ട്. ഗൾഫിലുള്ള നിഹാലുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.