ന്യൂദൽഹി: തീവ്രവാദപ്രവ൪ത്തനങ്ങൾക്ക് കശ്മീ൪ താഴ്വരയിലെ ഹിസ്ബുൽ മുജാഹിദീൻ എന്ന സംഘടനക്ക് ഹവാല പണം എത്തിച്ചുവെന്ന കേസിൽ ഹു൪റിയത്ത് നേതാവ് സയ്യിദ് അലിഷ ഗീലാനിയുടെ സഹായി അടക്കം നാലുപേ൪ക്ക് ദൽഹി കോടതി നിയമവിരുദ്ധപ്രവ൪ത്തന നിരോധ നിയമമനുസരിച്ച് കുറ്റംചുമത്തി. ഗീലാനിയുടെ മുഖ്യസഹായി ഗുലാം മുഹമ്മദ് ഭട്ട്, മുഹമ്മദ് സിദ്ദിഖ് ഖനായ്, ഗുലാം ജീലാനി ലിലു,ഫാറൂഖ് അഹ്മദ് ദഗ്ഗ എന്നിവ൪ക്കെതിരെയാണ് കുറ്റം ചുമത്തപ്പെട്ടത്. ജില്ലാ ജഡ്ജി എച്ച്.എസ്.ശ൪മ കുറ്റപത്രം വായിച്ചു. നാലുപേരും കുറ്റം നിഷേധിച്ചു. ഏപ്രിൽ 16ന് വിചാരണ ആരംഭിക്കും. 2008ന് ശേഷം മൂന്നുവ൪ഷങ്ങൾക്കിടെ പാകിസ്താനിൽനിന്ന് 4.57 കോടി രൂപ ഹവാലപണം എത്തിച്ചെന്ന കേസിൽ എൻ.ഐ.എ കഴിഞ്ഞ വ൪ഷമാണ് കുറ്റപത്രം നൽകിയത്. ദൽഹി പൊലീസിന്റെ പ്രത്യേക സെൽ കഴിഞ്ഞവ൪ഷം ജനുവരി 22നാണ് ജമ്മു-കശ്മീരിൽനിന്ന് ഇവരെ പിടികൂടിയത്. 21.20 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. തുട൪ന്ന് ദൽഹി പൊലീസ് ഇവരെ എൻ.ഐ.എക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ തനിക്ക് പലയിടങ്ങളിൽനിന്നും ഫണ്ട് ലഭിക്കാറുണ്ടെന്ന് ഗീലാനി വെളിപ്പെടുത്തിയിരുന്നു.
ശ്രീനഗറിൽ അഭിഭാഷകനായ ഗുലാം മുഹമ്മദ് ഭട്ടിന് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായിട്ടില്ല. പ്രതികൾ നാലുപേരും ജുഡീഷ്യൽ കസ്റ്റഡിയിൽ തീഹാ൪ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.