നാലുകുപ്പിക്ക് രൂപ എണ്ണായിരം; മണിചെയിന്‍ ‘മാജിക്’ ജൂസുമായി മൊണാവി

കോഴിക്കോട്: നെറ്റ്വ൪ക്-മൾട്ടിലെവൽ മാ൪ക്കറ്റിങ് കമ്പനികൾക്കെതിരെ സ൪ക്കാ൪ നടപടി തുടരവേ ആരോഗ്യപാനീയ വിൽപനയെന്ന പേരിൽ അമേരിക്കൻ കുത്തക കമ്പനി മണിചെയിൻ തട്ടിപ്പുമായി സംസ്ഥാനത്ത് വേരുറപ്പിക്കുന്നു. അമേരിക്കയിൽ പരീക്ഷിച്ച് തക൪ന്ന മൊണാവി (MONAVIE) കമ്പനിയാണ് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ആരോഗ്യപാനീയം പ്രചരിപ്പിക്കുക വഴി കേരളീയരെ കബളിപ്പിച്ച് ലക്ഷങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നത്. എണ്ണായിരം രൂപ ക്ക് നാലുകുപ്പി ഹെൽത്ത് ജൂസ് നൽകുകയും തുട൪ന്ന് ഇരുവശങ്ങളിലും കണ്ണിചേ൪ത്ത് ലക്ഷങ്ങൾ കമീഷനായി തട്ടുകയുമാണ് മൊണാവിയുടെ പദ്ധതി.
ആ൪.എം.പി, ആംവെ തുടങ്ങി മൾട്ടിലെവൽ മാ൪ക്കറ്റിങ് കമ്പനികളിൽ പ്രവ൪ത്തിച്ച് കോടികൾ നേട്ടമുണ്ടാക്കിയ ഇടത്-വലത് തൊഴിലാളി സംഘടനകളിൽപ്പെട്ട നിരവധിപേ൪ കണ്ണികളിൽ മുഖ്യ പ്രചാരകരായി രംഗത്തുണ്ട്.


നാലുകുപ്പി ജൂസിൽ ഓരോന്നും രക്ത ശുദ്ധീകരണം, കരളിന് ദൃഢത, ഹൃദയ സുരക്ഷ, സൗന്ദര്യം എന്നിവ ഉറപ്പാക്കുമെന്നാണ് പ്രചാരണം. രണ്ടായിരം രൂപ വീതം  നൽകി  നാലുകുപ്പി ജൂസ് വാങ്ങുന്നതോടെ ഒരാൾ ശൃംഖലയിൽ കണ്ണിയാവുന്നു. ഇതിൽ രണ്ടുകുപ്പി വിറ്റാൽ കുപ്പിക്ക് 860 രൂപ തോതിൽ കമീഷൻ ലഭിക്കും. ഈ കുപ്പി വാങ്ങുന്നവരും ശൃംഖലയിൽ കണ്ണിയാവും.  ഇവരും നാലുകുപ്പി വീതം വാങ്ങണം.
ഇങ്ങനെ ഇടതും വലതുമായി കണ്ണി വളരുന്നതനുസരിച്ച് ത്രികോണ കണ്ണിയിലെ മുകളിലുള്ളവ൪ക്ക് 430 രൂപ വീതം ലഭിച്ചുകൊണ്ടിരിക്കും. കമീഷൻ കൈയിൽ കിട്ടണമെങ്കിൽ ഉപയോഗിച്ചാലും ഇല്ളെങ്കിലും ഓരോ കണ്ണിയും പ്രതിമാസം കുറഞ്ഞത് രണ്ടു കുപ്പി ജൂസ് വാങ്ങിയിരിക്കണം.


താഴെ കണ്ണിയിൽ എത്രപേ൪ ചേ൪ന്നാലും  രണ്ടുകുപ്പി വാങ്ങണമെന്നതാണ് കമ്പനിയുടെ തന്ത്രങ്ങളിലൊന്ന്. നാലായിരം രൂപ നൽകി രണ്ടുകുപ്പി ജൂസ് വാങ്ങുന്നവ൪ കൂടുതൽ ലാഭത്തിനായി താഴെ കണ്ണികളെ ചേ൪ത്തുകൊണ്ടേയിരിക്കും.
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് സൊസൈറ്റി അമേരിക്കയിൽ നിരോധിച്ച ‘ആരോഗ്യ പാനീയ’മാണ് ലാഭകൊതിമൂത്ത ടീം ലീഡ൪മാ൪ കേരളത്തിൽ  വിറ്റുകൊണ്ടിരിക്കുന്നത്. ആരോഗ്യത്തിന് ഗുണകരമോ ഹാനികരമോ എന്നൊന്നും ആലോചിക്കാതെ കമീഷൻ മാത്രം ലക്ഷ്യമിടുന്ന കണ്ണികൾ കൂടുതൽ പേരെ ചേ൪ത്തുകൊണ്ടിരിക്കുകയാണ്.


ആ൪.എം.പി നെറ്റ്വ൪ക് മാ൪ക്കറ്റിങ് കമ്പനിയിലൂടെ കോടികൾ നേട്ടമുണ്ടാക്കിയ തിരുവനന്തപുരത്തെ ഡോ. എൻ. ഷംസുദ്ദീൻ, അഭിലാഷ് തോമസ്, സജീവ് നായ൪ എന്നിവരാണ് മൊണാവിയുടെ കേരളത്തിലെ മുഖ്യപ്രചാരക൪. ആ൪.എം.പിക്കെതിരെ നടപടി വന്നതോടെ ഇവരുടെ കീഴിലുണ്ടായിരുന്ന കണ്ണികളെ മൊണാവിയുടെ പ്രചാരകരായി നിയോഗിച്ച് ജില്ലകൾ തോറും പരിശീലന ക്ളാസുകൾ നടത്തിവരുന്നു. വയനാട്ടിൽ നെറ്റ്വ൪ക് മാ൪ക്കറ്റിങ് കമ്പനിക്കെതിരെ ആദ്യമായി പൊലീസിൽ പരാതിപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവാണ് മൊണാവിയുടെ വയനാട്ടിലെ മുഖ്യ പ്രചാരകൻ.


വയനാട്, കണ്ണൂ൪ ജില്ലകളിൽ നടന്ന മൊണാവിയുടെ പരിശീലന ക്ളാസുകളിൽ ഐ.എൻ.ടി.യു.സി-സി.ഐ.ടി.യു നേതാക്കളെന്ന് പരിചയപ്പെടുത്തി നിരവധിപേ൪ പങ്കെടുത്തിരുന്നു. സാധാരണക്കാരായ താഴെത്തട്ടിലെ ‘കണ്ണികൾ’ കുത്തുപാളയെടുത്താലും സംഘടന വളരട്ടെ എന്ന ലക്ഷ്യത്തോടെ മൾട്ടിലെവൽ മാ൪ക്കറ്റിങ് രംഗത്തുള്ളവരെ സംഘടിപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികൾ മത്സരിച്ച് രംഗത്തുണ്ട്.
1978 ലെ പ്രൈസ് മണി ചിറ്റ്സ് സ൪ക്കുലേഷൻ നിരോധനനിയമമനുസരിച്ച്   ഇത്തരം തട്ടിപ്പു കമ്പനികൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കാമെങ്കിലും പൊലീസിലെ ചില ഉന്നത ഓഫിസ൪മാ൪  വരെ മൊണാവിയുടെ ടീം മേധാവികളായി പ്രവ൪ത്തിക്കുന്നതായാണ് വിവരം.


കണ്ണിചേ൪ക്കൽ തകൃതിയായി നടക്കുന്നതിനാൽ കേരളത്തിലെ ഓരോ ടീം ലീഡ൪ക്കും  പ്രതിമാസം 64 ലക്ഷം രൂപ കമീഷൻ ലഭിക്കുമെന്ന് മൊണാവിയുടെ കണക്കുകൾ സ്ഥിരീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.