ബൈക്കില്‍ ജീപ്പിടിച്ച് വീഴ്ത്തി കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി

മലപ്പുറം: കൊലക്കേസ് വിചാരണക്കായി കോടതിയിലേക്ക് പോയവ൪ സഞ്ചരിച്ച ബൈക്ക് ജീപ്പിടിപ്പിച്ച് മറിച്ചിട്ട ശേഷം യുവാവിൻെറ ഇടത് കൈ വെട്ടിമാറ്റി. എടവണ്ണക്കടുത്ത കാരകുന്ന് പഴേടം വളവിൽ ആലിൻചുവട്ടിൽ വെള്ളിയാഴ്ച രാവിലെ 9.30നാണ് നാടിനെ ഞെട്ടിച്ച സംഭവം. വെട്ടേറ്റ് ഇടത് കൈ നഷ്ടപ്പെട്ട വണ്ടൂ൪ തായങ്കോട് പുലത്ത് പുലിക്കോട്ടിൽ ഫയാസ് (28) ബൈക്കിലുണ്ടായിരുന്ന പുലത്ത് കുട്ടശ്ശേരി ഷാജിമോൻ എന്ന ഷാജിത് (35) എന്നിവ൪ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തുന്നിച്ചേ൪ക്കാൻ കഴിയാത്തവിധം ഫയാസിൻെറ കൈക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്.  വലതുകൈവിരലുകളും മുറിഞ്ഞുപോയി. ശരീരത്തിൻെറ പലഭാഗത്തും ആഴത്തിൽ വെട്ടേറ്റു. ഷാജിമോനും സാരമായി പരിക്കേറ്റു.


സംഭവവുമായി ബന്ധപ്പെട്ട് കാരകുന്ന് പുലത്ത് സ്വദേശി വാറേങ്ങൽ ഖാലിദ് (29) തുടങ്ങി അഞ്ച് പേരെ പ്രതിചേ൪ത്ത് വധശ്രമത്തിന് എടവണ്ണ പൊലീസ് കേസെടുത്തു. ഖാലിദിൻെറ സഹോദരൻ വാറേങ്ങൽ അബ്ദുന്നാസ൪ (30) 2008 ഫെബ്രുവരിയിൽ ഫുട്ബാൾ കളിയെ ചൊല്ലിയുള്ള വാക്ക് ത൪ക്കത്തിൽ അടിയേറ്റ് മരിച്ചിരുന്നു. ഇതിൻെറ വൈരാഗ്യമാണ് സംഭവത്തിനു കാരണമെന്ന് പറയുന്നു. നാസ൪ വധക്കേസിൽ ഫയാസ് ഒന്നും ഷാജിമോൻ പത്തും പ്രതികളാണ്. ഈ കേസിൻെറ വിചാരണക്കായി ഫയാസ് അടക്കമുള്ള 12 പ്രതികൾ ഏഴ് ബൈക്കുകളിലായി വണ്ടൂരിൽനിന്ന് മഞ്ചേരിയിലേക്ക് വരുമ്പോൾ ഖാലിദും സംഘവും ജീപ്പിലും ബൈക്കിലുമായി പിന്തുട൪ന്നു.

ആലിൻചുവട്ടിൽ അധികം ആൾപെരുമാറ്റമില്ലാത്തിടത്ത് എത്തിയപ്പോൾ ഷാജിമോൻ ഓടിച്ച ബൈക്ക് ജീപ്പിടിപ്പിച്ച് മറിച്ചിടുകയായിരുന്നു. മറിഞ്ഞുവീണ ഉടൻ ഫയാസ് ഇറങ്ങി ഓടി. ജീപ്പിലുള്ളവ൪ പിന്തുട൪ന്നെത്തി പിടിച്ചുനി൪ത്തി ഇടതുകൈമുട്ടിനു താഴെ വെട്ടിമാറ്റി റോഡിലിട്ടു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം വന്ന ജീപ്പിൽ മടങ്ങി. നിലവിളികേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും രക്തംവാ൪ന്ന് കിടന്നവരുടെ അടുത്തേക്ക് ചെല്ലാനും ആശുപത്രിയിലെത്തിക്കാനും ആദ്യം ഭയന്നു. പിന്നീട് സ്ഥലത്തുണ്ടായിരുന്ന പെട്ടിഓട്ടോറിക്ഷയിൽ രണ്ട് പേരെയും മഞ്ചേരി ജനറൽ ആശുപത്രിയിലും 11 മണിയോടെ അൽശിഫ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.


സംഭവമറിഞ്ഞ് ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി വിജയകുമാ൪ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തിനു ശേഷം മുങ്ങിയ പ്രതികൾക്കായി ജില്ലയിലുടനീളം പൊലീസ് പരിശോധന നടത്തി. തീവ്രവാദികൾ യുവാവിൻെറ കൈവെട്ടി എന്നായിരുന്നു തുടക്കത്തിലുള്ള പ്രചാരണം. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ സംഘം സഞ്ചരിച്ച ജീപ്പ് ഖാലിദിൻെറ കാരകുന്ന് പുലത്തുള്ള വീട്ടുപരിസരത്ത് നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേ൪ സഞ്ചരിച്ച ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ബൈക്കും ജീപ്പും എടവണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


2008 ഫെബ്രുവരിയിൽ തായങ്കോട് വട്ടക്കളരി ചാലഞ്ച് ക്ളബ് സംഘടിപ്പിച്ച ഫുട്ബാൾ ടൂ൪ണമെൻറിൽ ട്രാക്ഫോഴ്സ് പുലത്തും കാസ്കോ കാട്ടുമുണ്ടയും ഏറ്റുമുട്ടിയിരുന്നു. മൽസരത്തിൽ കാസ്കോ ജയിച്ചത് റഫറിയായി കളി നിയന്ത്രിച്ച ഫയാസ് അനുകൂല നടപടി സ്വീകരിച്ചതിനാലാണെന്ന ആരോപണമുയരുകയുണ്ടായി. ഇതേചൊല്ലിയുള്ള വാക്കുത൪ക്കത്തിലാണ് നാസ൪ അടിയേറ്റ് മരിച്ചത്. ഫയാസിനു നേരെ ഒരു വ൪ഷം മുമ്പും വധശ്രമം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.