കരുതിയിരിക്കണം, കോവിഡ് രണ്ടാംഘട്ടം വരാനുണ്ടെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: കോവിഡിന് ഒരു രണ്ടാംവരവ് ഉണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെ ശരിവെക്കുന്ന തരത്തിൽ പലരാജ്യങ്ങളിലേയും രോഗികളുടെ കണക്ക്. കോവിഡ് കനത്ത നാശംവിതച്ച ശേഷം രോഗികളുടെ എണ്ണം കുറഞ്ഞുവന്ന രാജ്യങ്ങളിൽ വീണ്ടും രോഗികൾ വർധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. ഇന്ത്യയിൽ വൈറസ് വ്യാപനം ഇനിയും അതിന്‍റെ രൂക്ഷതയിൽ എത്തിയിട്ടില്ലെന്നും വരാനിരിക്കുന്നതേയുള്ളൂവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് രൂക്ഷമായി ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ സ്പെയിനിൽ ജൂൺ ഒന്നിന് ആകെ കോവിഡ് ബാധിതർ 2,39,638 ആയിരുന്നു. 27,127 ആയിരുന്നു മരണസംഖ്യ. ജൂൺ ഒന്നിന് വെറും 71 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല.

എന്നാൽ, ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് ചെയ്ത ജൂലൈ 30ന് ശേഷം ദിവസേന ആയിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രോഗബാധിതർ 3,52,847 ആയും മരണം 28,499 ആയും ഉയർന്നുകഴിഞ്ഞു. ആഗസ്റ്റ് നാലിന് 5760 പുതിയ കേസുകളും 26 മരണവുമാണുണ്ടായത്.

രോഗനിരക്കിലുണ്ടായ വർധനവ് ഫ്രാൻസ്, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചിട്ടുണ്ട്. മഹാമാരിയുടെ രണ്ടാംതിര യൂറോപ്പിലെ ചിലയിടങ്ങളിൽ കാണുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.

കോവിഡ് രണ്ടാംവരവിനെ തുടർന്ന് ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്ട്രേലിയയിലാകെ 17,000 കേസുകളും 718 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ ലോക്ഡൗൺ ഇളവുകൾ മൂന്നാംഘട്ടത്തിലെത്തി നിൽക്കേ, രോഗബാധ അതിന്‍റെ ഉയർന്നതലത്തിൽ ഇനിയും എത്താനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ പെട്ടെന്നുള്ള പൊട്ടിപ്പുറപ്പെടൽ പോലും ആയിട്ടില്ല. രോഗവ്യാപനത്തിന്‍റെ തോത് ഇപ്പോഴും നേർരേഖയാണ്. രോഗികൾ കുറയുന്ന സാഹചര്യമുണ്ടായ ശേഷമാണ് രോഗവ്യാപനത്തിന്‍റെ രണ്ടാംതിര സംഭവിക്കുന്നത് -ഐ.സി.എം.ആർ മുൻ ശാസ്ത്രജ്ഞൻ ലളിത് കാന്ത് പറയുന്നു.

ജൂലൈയോടെ കോവിഡ് പാരമ്യത്തിലെത്തുമെന്ന് നിരീക്ഷിച്ചിരുന്നു. സെപ്റ്റംബറോടെയെന്നാണ് ചില വിദഗ്ധർ പറയുന്നത്. എന്നാൽ, സർക്കാർ നടപടികളെയും ജനങ്ങളുടെ ജാഗ്രതയെയും ആശ്രയിച്ചിരിക്കും ഇനിയുള്ള രോഗവ്യാപനം.

ഡൽഹിയിൽ കോവിഡ് രൂക്ഷ നിലയിൽ എത്തിയ ശേഷം നിലവിൽ താഴ്ചയിലാണ്. അതേസമയം, അഞ്ചിൽ ഒരാൾ വീതം മാത്രമാണ് അവിടെ രോഗികളായത്. മറ്റുള്ളവരിൽ ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ട്. ഒരു രണ്ടാംഘട്ടത്തെ തള്ളിക്കളയാനാകില്ല -ഡോ. കാന്ത് പറയുന്നു.

പല രാജ്യങ്ങളിലും പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പിലെ പ്രത്യേക ഓഫിസർ രാജേഷ് ഭൂഷൺ പറയുന്നു. അതിനെ രണ്ടാംതിര എന്ന് വിളിക്കാനാകില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രോഗത്തിനെതിരായ പ്രതികരണം വളരെ മികച്ചതാണ്. നമ്മൾ വളരെ പെട്ടെന്നുള്ള ഒരു തുറന്നുകൊടുക്കൽ അല്ല നടത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയും നിർദേശങ്ങൾ നൽകിയുമുള്ള ഇളവുകളാണ് നടപ്പാക്കുന്നത് -രാജേഷ് ഭൂഷൺ പറഞ്ഞു.

ഇന്ത്യയിൽ കോവിഡിന് രണ്ടാംഘട്ടം ഉണ്ടാകുമോയെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ പറയുന്നു. ലോകത്ത് ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ട സ്ഥലങ്ങളിൽ വൈറസ് വ്യാപനത്തിന്‍റെയും മരണനിരക്കിന്‍റെയും തോതിൽ മാറ്റമുണ്ട്. ഇന്ത്യയുടെ ഭൂമിശാസ്ത്ര വൈവിധ്യം ഇത്തരമൊരു പ്രവചനം സാധ്യമാക്കുന്നില്ല. സംസ്ഥാനങ്ങൾ തമ്മിൽ രോഗവ്യാപനത്തിൽ വലിയ മാറ്റമുണ്ടെന്നും അദ്ദേഹം പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.