സി.പി.എം പി.ബി ഇന്ന്: ഗീതാഗോപിനാഥിന്‍െറ നിയമനം ചര്‍ച്ചയാകും

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്‍െറ നിയമനം സംബന്ധിച്ച വിവാദത്തിനിടെ, സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേരും. ഗീതാഗോപിനാഥിന്‍െറ നിയമനത്തിനെതിരെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കത്ത് പി.ബിയില്‍ ചര്‍ച്ചക്ക് വരാനിരിക്കെ, തീരുമാനത്തില്‍ മാറ്റമില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ വ്യക്തമാക്കി. ഇടതു സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകാത്ത നിലപാടുള്ള ഗീതാഗോപിനാഥിന്‍െറ നിയമനത്തില്‍ യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിയോജിപ്പുണ്ട്. അതു പരിഗണിക്കുന്നില്ളെന്ന ഉറച്ച നിലപാടാണ് നിയമനത്തില്‍ മാറ്റമില്ളെന്ന് പ്രഖ്യാപിച്ച പിണറായി വിജയന്‍ വ്യക്തമാക്കിയത്.
മാറിയ സാഹചര്യത്തില്‍ ആഗോള സാഹചര്യവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന കേരള സമ്പദ്ഘടനയുടെ മുന്നോട്ടുള്ള പോക്കിന് ഇടതു ചിന്താധാരക്ക് പുറത്തുനിന്നുള്ള വഴികള്‍ കൂടി തേടേണ്ടതുണ്ടെന്നും അതിനുവേണ്ടിയാണ് ഗീതാഗോപിനാഥിനെ നിയമിച്ചതെന്നുമുള്ള വിശദീകരമാണ് പിണറായി വിജയന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുള്ളത്. പി.ബി യോഗത്തിലും പിണറായി ഇക്കാര്യം ആവര്‍ത്തിക്കാനാണ് സാധ്യത. വി.എസും ഇടതുപക്ഷ സാമ്പത്തിക വിദഗ്ധനും മുന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ പ്രഭാത് പട്നായിക് ഉള്‍പ്പെടെയുള്ളവരുടെ ആശങ്ക അംഗീകരിക്കുമ്പോഴും പിണറായി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ഉപദേഷ്ടാവിന്‍െറ നിയമന കാര്യത്തില്‍ തിരുത്തല്‍ നിര്‍ദേശം പി.ബിയില്‍ നിന്ന് ഉണ്ടാകാനിടയില്ല. പകരം, ഉപദേശം സ്വീകരിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ സമീപനം കര്‍ശനമായി പാലിക്കണമെന്ന ഉണര്‍ത്തല്‍ നടത്തി പ്രശ്നം അവസാനിപ്പിക്കാനാണ് സാധ്യത. കൊല്‍ക്കത്ത പാര്‍ട്ടി പ്ളീനം തയാറാക്കിയ രേഖ പ്രകാരം പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നടപടികളുടെ രൂപരേഖ തയാറാക്കുകയാണ് പി.ബിയുടെ മുഖ്യ അജണ്ട. കൂടുതല്‍ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും അതുവഴി പാര്‍ട്ടി അടിത്തറ വിപുലമാക്കാനുമാണ് പ്ളീനം രേഖ നിര്‍ദേശിക്കുന്നത്. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച തര്‍ക്കവും പി.ബിയില്‍ ചര്‍ച്ചക്കുവരും. മമതക്കെതിരായ പോരാട്ടത്തില്‍ കനത്ത തിരിച്ചടിയായി മാറിയ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചെന്ന് പരസ്യപ്പെടുത്തി തെറ്റുതിരുത്തണമെന്ന കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം ബംഗാള്‍ ഘടകം തള്ളിയിരുന്നു.
ബി.ജെ.പിയുടെ ഫാഷിസ്റ്റ് സ്വഭാവം സംബന്ധിച്ച് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും മുന്നോട്ടുവെച്ച വ്യത്യസ്ത വീക്ഷണങ്ങളും പി.ബിയില്‍ ചര്‍ച്ചയാകും. ബി.ജെ.പിയെ ഫാഷിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാനാവില്ളെന്ന് കാരാട്ട് പറയുമ്പോള്‍ ഫാഷിസ്റ്റുകളായ ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി എപ്പോള്‍ വേണമെങ്കിലും ഫാഷിസ്റ്റ് സ്വഭാവം പുറത്തെടുത്തേക്കാമെന്നാണ് യെച്ചൂരിയുടെ നിലപാട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.