മായാവതിയോട് മാപ്പ്; സീറ്റ് വില്‍ക്കുന്നെന്ന ആരോപണത്തിലുറച്ച് ദയാശങ്കര്‍ സിങ്

പട്ന: ബി.എസ്.പി നേതാവ് മായാവതി പാര്‍ട്ടി ടിക്കറ്റ് പണത്തിന് വിതരണം ചെയ്യുന്നെന്ന ആരോപണം ആവര്‍ത്തിച്ച് മുന്‍ ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങ്.
ലൈംഗികത്തൊഴിലാളികളെക്കാള്‍ നികൃഷ്ടയാണ് മായാവതിയെന്ന വിവാദ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണം നടത്തിയ ദയാശങ്കര്‍ സിങ്  അവര്‍ക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ തയാറായിട്ടില്ല.
തന്‍െറ പരാമര്‍ശം അങ്ങേയറ്റം തെറ്റായിപ്പോയി. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍, പണം നല്‍കുന്നവര്‍ക്ക് സീറ്റ് വില്‍ക്കുകയെന്നതാണ് മായാവതിയുടെ സ്വഭാവമെന്ന ആരോപണത്തില്‍ മാറ്റമില്ളെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ദയാശങ്കര്‍ വ്യക്തമാക്കി. കേസില്‍ പൊലീസിനോട് സഹകരിക്കാന്‍ തയാറാണെന്നും അതിന് തനിക്കാദ്യം സുരക്ഷിതനാണെന്ന തോന്നലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തന്‍െറ നാക്ക് മുറിച്ചുമാറ്റുമെന്ന് ബി.എസ്.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ കേസ് സംബന്ധിച്ച് തനിക്ക് മാധ്യമങ്ങള്‍ വഴിയുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഫ്.ഐ.ആര്‍ കൈയില്‍ കിട്ടിയിരുന്നില്ല. എഫ്.ഐ.ആര്‍ കിട്ടിയതോടെ പൊലീസിനോട് സഹകരിക്കാന്‍ തയാറാണ്. ക്ഷമാപണം നടത്തിയിട്ടും ഒരു കുറ്റത്തിന് നാലുതവണ ശിക്ഷയേറ്റുവാങ്ങിയിട്ടും തന്‍െറ ഭാര്യക്കും മകള്‍ക്കും സഹോദരിക്കുമെതിരെ ആക്രമണം തുടരുന്നതെന്തിനാണെന്നും ദയാശങ്കര്‍ ചോദിച്ചു.
ബി.എസ്.പി നേതാക്കള്‍ തന്‍െറ കുടുംബത്തിനെതിരെ ഭീഷണി തുടരുകയാണ്. 25 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള തനിക്ക് കുടുംബത്തെ വേണ്ടത്ര സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും തന്‍െറ പേരില്‍ അവരെ ക്രൂശിക്കുന്നത് ക്രൂരമാണെന്നും തുടര്‍ന്നു. പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്തിട്ടും തന്‍െറ കുടുംബത്തെ വേട്ടയാടുന്ന ബി.എസ്.പി നേതാക്കള്‍ക്കെതിരെ മായാവതി നടപടിയെടുക്കാത്തതെന്താണെന്നും ദയാശങ്കര്‍ ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.