നേരിട്ടുള്ള ആനുകൂല്യ പദ്ധതികള്‍ക്ക് ഏകീകൃത പോര്‍ട്ടല്‍ വരുന്നു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍ കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) പദ്ധതികള്‍ക്കായി ഏകീകൃത പോര്‍ട്ടല്‍ വരുന്നു. നിലവില്‍ 74 സര്‍ക്കാര്‍ പദ്ധതികളിലായി 30 കോടി ഗുണഭോക്താക്കള്‍ക്ക് ഡി.ബി.ടി രീതിയിലാണ് പണം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറുകള്‍ പദ്ധതികള്‍ ഇതേ രീതിയിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അര്‍ഹരായ യഥാര്‍ഥ അവകാശികളുടെ അക്കൗണ്ടിലേക്കുതന്നെ ആനുകൂല്യം നല്‍കാന്‍ തുടങ്ങിയതോടെ രണ്ടു വര്‍ഷങ്ങളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 36,500 കോടിയിലേറെ രൂപ ലാഭിക്കാനായെന്നാണ് കണക്കുകൂട്ടല്‍.

അനര്‍ഹരും വ്യാജരും ആനുകൂല്യങ്ങള്‍ നേടുന്നത് തടഞ്ഞതും സേവനച്ചെലവുകള്‍ ഒഴിവാക്കാനായതുമാണ് ഈ നേട്ടത്തിന്‍െറ പ്രധാന കാരണമെന്ന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ദേശീയതല ശില്‍പശാലയില്‍ കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ പറഞ്ഞു. ഡി.ബി.ടി മൂലം ലാഭിക്കാനായ തുക വൈകാതെ സംസ്ഥാനങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത പോര്‍ട്ടല്‍ ഈ മാസം അവസാനത്തോടെ യാഥാര്‍ഥ്യമാവും.

ഗുണഭോക്താക്കള്‍ക്ക് പണം എത്തുന്നതു സംബന്ധിച്ച യഥാസമയ വിവരം ലഭിക്കാന്‍ ഇതു സഹായകമാവും. അടുത്ത മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളും എല്ലാ സേവന പദ്ധതികളും ഡി.ബി.ടിക്ക് കീഴിലാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആധാര്‍ അധിഷ്ഠിതമാക്കി സേവനപദ്ധതികളെല്ലാം ഡി.ബി.ടിയില്‍ ആക്കുമെന്ന് കഴിഞ്ഞയാഴ്ച അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ദുര്‍ബല സമൂഹങ്ങളിലേക്ക് സേവനം എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ സംരംഭങ്ങളുടെ ആനുകൂല്യ വിഹിതം ബാങ്കുവഴി ആക്കുന്നത് ഒഴിവാക്കി പോസ്റ്റ് ഓഫിസുകള്‍ മുഖേനയാക്കണമെന്നും കേരളം നിര്‍ദേശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.