ഗോവധമാരോപിച്ച് ദലിത് യുവാക്കളെ മര്‍ദിച്ച സംഭവം: മൂന്ന് ദലിതര്‍കൂടി ആത്മാഹുതിക്ക് ശ്രമിച്ചു

അഹ്മദാബാദ്: ഗുജറാത്തില്‍ ചത്ത പശുവിന്‍െറ തോലെടുത്തതിന് യുവാക്കള്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ മൂന്ന് ദലിതുകള്‍കൂടി ആത്മാഹുതിക്ക് ശ്രമിച്ചു. ഇതോടെ നാലു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിന്‍െറ ഭാഗമായി ആത്മഹത്യാശ്രമം നടത്തിയവരുടെ എണ്ണം ഇരുപതായി. ബൊതാദ് ജില്ലയിലെ റാണ്‍പൂര്‍ ഗ്രാമത്തിലെ മൂന്ന് യുവാക്കളാണ് കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആത്മഹുതി വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് നൂറുകണക്കിന് സമുദായാംഗങ്ങള്‍ ഒരുമിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പ്രക്ഷോഭം സംസ്ഥാനത്തിന്‍െറ ചിലഭാഗങ്ങളില്‍ ശമിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, വഡോദര, അഹ്മദാബാദ്, പഠാന്‍, അരാവല്ലി തുടങ്ങിയ ജില്ലകളില്‍ പ്രതിഷേധം തുടരുകയാണ്. വഡോദരയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തത് ഏറെനേരം ഗതാഗത തടസ്സത്തിന് കാരണമായി. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്മദാബാദില്‍ നൂറുക്കണക്കിന് ദലിതുകള്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണകൂടത്തിന് നിവേദനം സമര്‍പ്പിച്ചു.

അരവല്ലി ജില്ലയില്‍ പ്രക്ഷോഭത്തിനിടെ കടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ ബന്ദ് രണ്ടാം ദിവസവും തുടര്‍ന്നു. യുവാക്കള്‍ക്ക് മര്‍ദനമേറ്റ ഗിര്‍ സോംനാഥ് ജില്ലയിലെ ഉനയടക്കമുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഈ മാസം 31വരെ തുടരുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
ദലിത് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇതിനകം 16 പേര്‍ പിടിയിലായിട്ടുണ്ട്. കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.