തുര്‍ക്കിയിലെ അട്ടിമറിശ്രമത്തിനു പിന്നില്‍ ഗുലന്‍ അല്ലെന്ന് ഇന്ത്യയിലെ അനുയായികള്‍


അട്ടിമറിക്കു പിന്നിലാരെന്ന് ഇപ്പോള്‍ പറയാനാവില്ല
ന്യൂഡല്‍ഹി: തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്കു പിന്നില്‍ ഫത്ഹുല്ല ഗുലന്‍ ആണെന്ന ആരോപണം നിഷേധിച്ച് ഇന്ത്യയിലെ ഗുലന്‍ മൂവ്മെന്‍റ് രംഗത്ത്. ആരാണ് അട്ടിമറിക്കു പിന്നിലെന്ന് ഇപ്പോള്‍ പറയാനാവില്ളെന്നും ഇതുകൊണ്ട് ഗുണംലഭിച്ചത് ആര്‍ക്കാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും ന്യൂഡല്‍ഹി ആസ്ഥാനമായ ഗുലന്‍ മൂവ്മെന്‍റിന്‍െറ ഇന്ത്യ ലോഗ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഫത്ഹുല്ല ഗുലനും അദ്ദേഹത്തിന്‍െറ ഹിസ്മെത് പ്രസ്ഥാന പ്രവര്‍ത്തകരും സമാധാനത്തോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കിയതാണെന്ന് ഫൗണ്ടേഷന്‍ തുടര്‍ന്നു. തുര്‍ക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ സൈന്യം ഇടപെടുന്നതിനെ തള്ളിപ്പറഞ്ഞവരാണ് ഹിസ്മെത് പ്രവര്‍ത്തകര്‍. അമേരിക്കയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ തുര്‍ക്കി- ഇറാനിയന്‍ വ്യവസായി റെസ സറബിനെ 2013ല്‍ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഹാക് ബാങ്ക് തലവനെയും മൂന്നു കാബിനറ്റ് മന്ത്രിമാരുടെ മക്കളെയും റെസയോടൊപ്പം അറസ്റ്റ്ചെയ്തിരുന്നു. ഇവരില്‍നിന്ന് ദശലക്ഷക്കണക്കിന് ഡോളറുകളും പണമെണ്ണുന്ന യന്ത്രങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, പ്രസിഡന്‍റ് ഉര്‍ദുഗാന്‍ ഇവരെ വിട്ടയക്കുകയാണ് ചെയ്തത്.
യൂറോപ്യന്‍ യൂനിയന്‍െറ 2015ലെ തുര്‍ക്കി റിപ്പോര്‍ട്ട് ഇന്ത്യയിലെ ഗുലന്‍ മൂവ്മെന്‍റ് ഉദ്ധരിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അധികാര വിഭജനവും അടിച്ചമര്‍ത്തിയ തുര്‍ക്കിയില്‍ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ളെന്നും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഫൗണ്ടേഷന്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.