ഡിവൈ.എസ്.പിയുടെ ആത്മഹത്യ; കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് രാജിവെച്ചു

ബംഗളൂരു: മംഗളൂരു ഡിവൈ. എസ്.പി എം.കെ. ഗണപതിയുടെ ആത്മഹത്യാ വിവാദമായതിനെ തുടര്‍ന്ന് ബംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോര്‍ജ് രാജിവെച്ചു. മന്ത്രിക്കെതിരെയും രണ്ടു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. പിതാവിന്‍െറ മരണത്തില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗണപതിയുടെ മകന്‍ നിഹാല്‍ നല്‍കിയ സ്വകാര്യ ഹരജിയിലാണ് മടിക്കേരി അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ളാസ് കോടതി ജഡ്ജി അന്നപൂര്‍ണേശ്വരിയുടെ ഉത്തരവ്.  

ഗണപതിയെ ജൂലൈ ഏഴിനാണ് മടിക്കേരിയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെിയത്. ആത്മഹത്യക്ക് മണിക്കൂറുകള്‍ മുമ്പ് പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേലുദ്യോഗസ്ഥര്‍ തന്നെ നിരന്തരം അപമാനിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്‍െറ ഉത്തരവാദിത്തം മന്ത്രി കെ.ജെ. ജോര്‍ജ്, എ.ഡി.ജി.പി എ.എം. പ്രസാദ്, ലോകായുക്ത ഐ.ജി പ്രണബ് മൊഹന്തി എന്നിവര്‍ക്കായിരിക്കുമെന്നും ഗണപതി തുറന്നുപറഞ്ഞിരുന്നു. ജൂലൈ പത്തിന് ഗണപതിയുടെ ഭാര്യ പാവന, മകന്‍ നിഹാല്‍ എന്നിവര്‍ മന്ത്രിക്കെതിരെയും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കുശാല്‍നഗര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.